ഇടുക്കി: ഇടുക്കിയിലെ അപകടകാരിയായ ഒറ്റയാന്‍ അരിക്കൊമ്പനെ പിടികൂടാന്‍ വനം വകുപ്പ് നടപടി ആരംഭിക്കുന്നു. 301 കോളനിയില്‍ കൂടൊരുക്കി, ആനയെ പിടികൂടുന്നതിനാണ് പ്രഥമ പരിഗണന നല്‍കുക. നടപടി ആരംഭിയ്ക്കുന്നതിന് മുന്നോടിയായി വനം വകുപ്പ് ഉന്നത തല യോഗം ചേര്‍ന്നു.
ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ, ജനവാസ മേഖലയിലെ സ്ഥിരം സാന്നിധ്യമാണ് അരിക്കൊമ്പന്‍. ഏതാനും മാസങ്ങളായി, ഒറ്റയാന്റെ ആക്രമണം അതിരൂക്ഷമാണ്. വനം വകുപ്പ് വാച്ചര്‍ ശക്തിവേല്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് മേഖലയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് സിസിഎഫ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ്, അരിക്കൊമ്പനെ പിടികൂടാന്‍ ഉത്തരവായത്. ആന പതിവായി എത്തുന്ന ചിന്നക്കനാലിലെ 301 കോളനി, സിങ്കുകണ്ടം മേഖലകള്‍ കേന്ദ്രീകരിച്ച് ദൗത്യം നടപ്പിലാക്കാനാണ് തീരുമാനം. 301 കോളനിയില്‍ കൂടൊരുക്കും. മയക്ക് വെടിവെച്ച് പിടികൂടുന്ന അരികൊമ്പനെ കോടനാട്ടിലേയ്‌ക്കോ, റേഡിയോ കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ വന്യ ജീവി സങ്കേതത്തിലേയ്‌ക്കോ മാറ്റും. നിലവില്‍ സിസിഎഫിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍, ഉടന്‍ ദൗത്യം പൂര്‍ത്തീകരിയ്ക്കാനാണ് തീരുമാനമായിരിക്കുന്നത്. മറ്റ് വകുപ്പുകളുമായി സഹകരിച്ചാവും ദൗത്യം നടപ്പിലാക്കുക.
30 വയസ് പ്രായം തോന്നിക്കുന്ന ‘അരിക്കൊമ്പന്‍’ ഇക്കഴിഞ്ഞ മാസം മാത്രം 3 കടകള്‍ തകര്‍ക്കുകയും അരിയും മറ്റ് റേഷന്‍ സാധനങ്ങളും കവരുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ രണ്ട് വീടുകൾ തകർത്തിരുന്നു. ശാന്തൻപാറ ചുണ്ടലിൽ മാരി മുത്തുവിന്റെയും, ആറുമുഖന്റെയും വീടുകളാണ് അരിക്കൊമ്പന്‍ തകർത്തത്. കാട്ടാനയുടെ ആക്രമണ സമയത്ത് വീടുകളിൽ ആളില്ലായിരുന്നു. അതിനിടെ, മൂന്നാറിൽ ജനവാസ മേഖലയിൽ പടയപ്പ എന്ന കാട്ടാനയും ഇറങ്ങി. നയാമാക്കാട് എസ്റ്റേറ്റിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും നിരവധി വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തിരുന്നു.