കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർക്ക് പുനർനിയമനം നൽകണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു കത്തെഴുതിയത് അധികാര ദുർവിനിയോഗവുമാണെണെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയിൽ പരാതി നൽകി. നടപടി അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണെന്നും അതിനാൽ മന്ത്രിയെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നുമാണ് ലോകായുക്തയിൽ ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം.
ഹർജിയിൽ സർക്കാരിന്റെയും മന്ത്രി ബിന്ദുവിന്റെയും വിശദീകരണം ആവശ്യപ്പെട്ട ജസ്റ്റിസ്. സിറിയക് ജോസഫ്, ജസ്റ്റിസ് ഹരുൺ ആർ.റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഈ മാസം 18 ന് പരിഗണിക്കും. കണ്ണൂർ വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആക്ഷേപം. ഗവർണർ തന്‍റെ പ്രതിഷേധവും വിയോജിപ്പും തുറന്നു പറഞ്ഞത് മുതൽ യുഡിഎഫ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ചിരുന്നു. ഇതിനൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം ബിന്ദുവിന്റെ നടപടിയെ തള്ളി നേരത്തെ രംഗത്തെത്തിയിരുന്നു.