ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കേസ് ഇന്ന് തന്നെ കേൾക്കാമെന്ന് കോടതി സമ്മതിച്ചു. ഇന്ന് മൂന്നുമണിക്ക് കേസ് പരിഗണിക്കും.
മുതിർന്ന അഭിഭാഷകൻ എ.എം സിങ്‍വിയാണ് കേസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഖേരക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഖേരക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ ഏകീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റായ്പൂരിലേക്ക് പാർട്ടി പ്ലീനറി യോഗത്തിനായി പോകാനിരിക്കുകയായിരുന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് അസം പൊലീസ് അറസ്റ്റ് ചെയ്തത്. ബോർഡിങ് പാസെടുത്ത് വിമാനത്തിൽ കയറിയ ശേഷം അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻഡിഗോ വിമാനത്തിലാണ് സംഭവം.
നേതാവിനെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയതോടെ അതേ വിമാനത്തിലുണ്ടായിരുന്ന പ്രവർത്തകർ വിമാനത്തിൽ നിന്നിറങ്ങി പ്രതിഷേധിച്ചു. വിമാനത്തിനു തൊട്ടടുത്തിരുന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്.
ദീർഘ പോരാട്ടത്തിന് തയാറാണെന്നായിരുന്നു അറസ്റ്റ് നടന്നയുടൻ ഖേരയുടെ പ്രതികരണം.