കൊച്ചി ∙ വായ്‌പാ നിരക്കിലെ തുടർച്ചയായ വർധനയിൽ വ്യക്‌തികളും വ്യവസായ, വാണിജ്യ മേഖലകളും വലയുമ്പോൾ ബാങ്കുകൾക്കു സുവർണകാലം. ബാങ്കിങ് വ്യവസായത്തിനു റെക്കോർഡ് ലാഭത്തിന്റെ സീസൺ. സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിട്ടുള്ള 32 ബാങ്കുകളുടെയും കൂടി ആകെ അറ്റാദായം ഡിസംബർ 31ന് അവസാനിച്ച ത്രൈമാസ (ക്യു 3) ത്തിൽ 65,532 കോടി രൂപയുടെ റെക്കോർഡ് നിലവാരത്തിൽ. 2021ലെ മൂന്നാം പാദ അറ്റാദായം 44,915 കോടി മാത്രമായിരുന്നു. വർധന 45.9%.
സ്വകാര്യ മേഖലയിലെ 20 ബാങ്കുകളുടെ ആകെ അറ്റാദായം 36,357 കോടി രൂപയിലേക്കാണ് ഉയർന്നത്. പൊതു മേഖലയിലെ 12 ബാങ്കുകളുടെ ആകെ അറ്റാദായം 29,175 കോടിയിലെത്തി.വായ്‌പക്കാരിൽനിന്ന് ഈടാക്കുന്ന നിരക്കും നിക്ഷേപത്തിനു നൽകുന്ന പലിശയും തമ്മിലുള്ള അന്തരമായ അറ്റ പലിശ വരുമാന (എൻഐഐ) ത്തിലുണ്ടായ വർധനയാണ് അറ്റാദായം റെക്കോർഡിലെത്താൻ പ്രധാന കാരണം.
അറ്റ പലിശ വരുമാനത്തിലെ നേട്ടം ഇരട്ട അക്കത്തിലെത്തിക്കാൻ പല ബാങ്കുകൾക്കും കഴിഞ്ഞു. 30% വരെ വർധന നേടിയ ബാങ്കുകളുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു വർഷത്തിനിടയിൽ പ്രഖ്യാപിച്ച വായ്‌പാ നിരക്കു വർധനയ്‌ക്ക് ആനുപാതികമായി ബാങ്കുകൾ നിക്ഷേപത്തിനു പലിശ വർധിപ്പിച്ചിട്ടില്ലെന്നതാണ് അറ്റ പലിശ വരുമാനം വർധിക്കുന്നതിനു കാരണമായത്. വായ്‌പാ വിതരണം ഗണ്യമായി വർധിച്ചതാണു വരുമാന വർധനയ്‌ക്കു മറ്റൊരു കാരണം. വായ്‌പകളിലെ മൂന്നാം പാദ വർധന 18.5 ശതമാനമാണ്. പൊതു മേഖലയിലെ ബാങ്കുകൾ 18.9% വർധന നേടിയപ്പോൾ സ്വകാര്യ ബാങ്കുകളുടെ വായ്‌പയിലുണ്ടായ വർധന 17.9% മാത്രം.
കിട്ടാക്കടം (എൻപിഎ) കുറയ്‌ക്കുന്നതിൽ ബഹുഭൂരിപക്ഷം ബാങ്കുകളും വിജയം നേടി. അതിനാൽ കിട്ടാക്കടത്തിന്റെ പേരിൽ വകയിരുത്തേണ്ടിവന്ന തുക ഗണ്യമായി കുറഞ്ഞു. ഇതും ലാഭ വർധനയ്‌ക്കു സഹായകമായി. പൊതു മേഖലയിലെ പഞ്ചാബ് നാഷനൽ ബാങ്ക്, സ്വകാര്യ മേഖലയിലെ യെസ് ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയുടെ അറ്റാദായത്തിൽ മാത്രമാണ് ഇടിവു രേഖപ്പെടുത്തിയത്. എന്നാൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറൽ ബാങ്ക് തുടങ്ങി പല ബാങ്കുകളുടെയും അറ്റാദായത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. പ്രവർത്തന ലാഭത്തിന്റെ കാര്യത്തിൽ ആർബിഎൽ ബാങ്ക്, ബന്ധൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിസിബി ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകളൊഴികെയുള്ളവയെല്ലാം വർധനയാണു രേഖപ്പെടുത്തിയത്.
മികച്ച നേട്ടവുമായി കേരള ബാങ്കുകളും
കേരളം ആസ്‌ഥാനമായുള്ള നാലു വാണിജ്യ ബാങ്കുകൾക്കും മികച്ച അറ്റാദായത്തിന്റേതായി ഡിസംബർ 31ന് അവസാനിച്ച മൂന്നാം പാദം. ഫെഡറൽ ബാങ്ക് 804 കോടി രൂപയുടെ റെക്കോർഡ് അറ്റാദായമാണു കൈവരിച്ചത്. മുൻ വർഷത്തെ മൂന്നാം പാദ അറ്റാദായം 522 കോടി മാത്രമായിരുന്നു. 54 ശതമാനമാണു വർധന.
സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ വർഷത്തെ മൂന്നാം പാദത്തിൽ 50.31 കോടി നഷ്‌ടമാണു രേഖപ്പെടുത്തിയതെങ്കിൽ ഈ വർഷം അതേ കാലയളവിൽ 102.75 കോടിയുടെ അറ്റാദായം കൈവരിച്ചു. ധനലക്ഷ്‌മി ബാങ്കിന്റെ അറ്റാദായം 21.73 കോടിയായും സിഎസ്‌ബി ബാങ്കിന്റേതു 156 കോടിയായുമാണു വർധിച്ചത്.