പ്രിയപ്പെട്ടവരുടെ പിറന്നാളുകൾ, സ്വന്തം വിവാഹ വാർഷികം എന്നിവയെല്ലാം മറന്നു പോകുന്നവർ ഉണ്ട്. ചിലർക്ക് ഇതെല്ലാം ഓർമ്മിച്ച് വയ്ക്കാനുള്ള കഴിവുണ്ടാകണം എന്നുമില്ല. ചിലപ്പോൾ പിറന്നാൾ ആശംസിക്കാത്തതിന്റെ പേരിൽ, വിവാഹ വാർഷികം ആശംസിക്കാത്തതിന്റെ പേരിൽ ആളുകൾ പരിഭവിക്കാറും പിണങ്ങാറും ഒക്കെ ഉണ്ട്. എന്നാൽ, മുംബൈയിൽ ഒരു യുവാവ് വിവാഹ വാർഷികം മറന്നു പോയതിന്റെ പേരിൽ ആക്രമം നേരിട്ടു.
ഭാര്യയും ഭാര്യവീട്ടുകാരും ചേർന്നാണ് യുവാവിനെ അക്രമിച്ചത് എന്നാണ് പരാതി. ഫെബ്രുവരി 18 -നായിരുന്നു പ്രസ്തുത ദമ്പതികളുടെ വിവാഹ വാർഷികം. എന്നാൽ, ഭർത്താവ് അത് മറന്നു പോയി. ഇതേ തുടർന്ന് 27 -കാരിയായ ഭാര്യയും അവളുടെ സഹോദരനും മാതാപിതാക്കളും ചേർന്നാണ് യുവാവിനെ ആക്രമിച്ചത്. ഘട്കോപ്പറിലായിരുന്നു സംഭവം.
സംഭവം നടന്നത് ഇങ്ങനെയാണ്. ഭർത്താവ് ഭാര്യയെ വിവാഹവാർഷികം ആശംസിക്കാൻ മറന്നു. ജോലിക്ക് പോയി വീട്ടിലെത്തിയ ഭാര്യ ഈ ദേഷ്യത്തിൽ തന്റെ സഹോദരനേയും മാതാപിതാക്കളേയും ഭർത്താവിന്റെ വീട്ടിലേക്ക് വരണം എന്ന് വിളിച്ചു പറഞ്ഞു. ഒപ്പം ഭർത്താവിനോട് അയാളുടെ കൂടെ ജീവിക്കാൻ തനിക്കിനി താല്പര്യമില്ല എന്നും പറഞ്ഞു. യുവതി വിളിച്ച് പറഞ്ഞ ഉടനെ തന്നെ സഹോദരനും മാതാപിതാക്കളും എത്തുകയും ചെയ്തു. പിന്നാലെ, ഭാര്യയും സഹോദരനും മാതാപിതാക്കളും യുവാവിനേയും യുവാവിന്റെ അമ്മയേയും മർദ്ദിച്ചു. ഇതുകൊണ്ടും ഭാര്യവീട്ടുകാർ നിർത്തിയില്ല, മുറ്റത്ത് നിർത്തിയിട്ടിരുന്ന യുവാവിന്റെ വാഹനവും വീടിന്റെ ജനാലയും നശിപ്പിച്ചുവത്രെ.
32 വയസുള്ള വിശാൽ നാംഗ്രേ എന്ന യുവാവിനെയാണ് ഭാര്യവീട്ടുകാർ മർദ്ദിച്ചത്. ഒരു കൊറിയർ കമ്പനിയിലെ ഡ്രൈവറായി ജോലി നോക്കുകയാണ് വിശാൽ. ഭാര്യ കൽപന ഒരു ഫുഡ് ഔട്ട്‍ലെറ്റിലാണ് ജോലി ചെയ്യുന്നത്. 2018 -ലാണ് ഇരുവരും വിവാഹിതരായത്. ഗോവണ്ടിയിലെ ബൈഗൻവാഡിയിലാണ് ഇരുവരുടെയും താമസം. നാംഗ്രേ പറയുന്നത് അനുസരിച്ച് 18 -നാണ് ഈ സംഭവമെല്ലാം ഉണ്ടായത്.
ആദ്യം പ്രശ്നങ്ങളെല്ലാം പറഞ്ഞ് പരിഹരിക്കാം എന്നും പറഞ്ഞ് ചർച്ച നടന്നു എങ്കിലും അതിനിടയിൽ വീണ്ടും കൽപന വിശാലിന്റെ അമ്മയെ തല്ലി എന്നും പരാതിയിൽ പറയുന്നു. സംഭവത്തിന് ശേഷം ഇവർ ആശുപത്രിയിൽ പ്രവേശിച്ചു. ഏതായാലും യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുകയാണ്.