ദില്ലി: ദില്ലി എംസിഡി സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എഎപി കൗൺസിലർ കൂറുമാറി. ഇദ്ദേഹം ബിജെപിയിൽ ചേർന്നു. ദില്ലി ഭാവൻ വാർഡിൽ നിന്നുള്ള കൗൺസിലർ പവൻ സെഹരാവതാണ് ബിജെപിയിൽ ചേർന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു സ്ഥാനാർത്ഥിക്ക് 35 വോട്ടാണ് വേണ്ടത്. ആം ആദ്മി പാർട്ടിക്ക് നാലു സ്ഥാനാർഥികളും ബിജെപിക്ക് മൂന്ന് സ്ഥാനാർത്ഥികളും ആണുള്ളത്. സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടാൻ ബിജെപിക്ക് വേണ്ടത് 105 വോട്ടാണ്. തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയ ബിജെപിക്ക് ഒരംഗത്തിന്റെ കുറവുണ്ടായിരുന്നു. എന്നാൽ കൂറുമാറിയ എഎപി അംഗത്തിന്റെ വോട്ട് കിട്ടിയാൽ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് മൂന്ന് അംഗങ്ങളെയും ജയിപ്പിക്കാൻ ആവശ്യമായ വോട്ട് ബിജെപിക്ക് ഉറപ്പിക്കാനാവും.
ആറ് അംഗങ്ങളെയാണ് സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുക. 35 വീതം വോട്ടെന്ന കണക്കിൽ ആം ആദ്മി പാർട്ടിക്ക് മൂന്ന് സ്ഥാനാർത്ഥികളെയും ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥികളെയും മത്സരിപ്പിക്കാൻ കഴിയുമായിരുന്നു. അവശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് മത്സരം കടുത്തിരുന്നത്. തെരഞ്ഞെടുപ്പിൽ ജയിച്ച ഒരു സ്വതന്ത്ര സ്ഥാനാർത്ഥി നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് 103 എന്ന ബിജെപി അംഗസംഖ്യ 104 ആയത്. ആം ആദ്മി പാർട്ടി അംഗം കൂടെ ബിജെപി പാളയത്തിലേക്ക് എത്തിയതോടെ ആം ആദ്മി പാർട്ടിയുടെ നാലാമത്തെ സ്ഥാനാർത്ഥിക്ക് ജയസാധ്യത കുറഞ്ഞു.