വയനാട്: ആർ.എസ്.എസുമായി ചർച്ചകൾ നടത്തുന്നതിൽ പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്തായിരുന്നു ആർ.എസ്.എസും ജമാഅത്തെ ഇസ്‍ലാമിയും തമ്മിലുള്ള ചർച്ചയെന്നതാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനകീയ പ്രതിരോധ ജാഥ കൽപറ്റയിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വംശഹത്യക്ക് നേതൃത്വം കൊടുക്കുന്ന വര്‍ഗീയവാദ മേഖലയിലെ ന്യൂക്ലിയസായി പ്രവര്‍ത്തിക്കുന്നതാണ് ആര്‍.എസ്.എസ്. ഗാന്ധിവധം മുതലിങ്ങോട്ടുള്ള എല്ലാ തെറ്റായ ജനാധിപത്യവിരുദ്ധമായ കടന്നാക്രമണങ്ങളുടെയും ആശയരൂപവത്കരണത്തിന്‍റെയും പ്രധാന കേന്ദ്രമാണത്. ആ കേന്ദ്രം എന്തിനാണ് ജമാഅത്തെ ഇസ്‍ലാമിയുമായി ചര്‍ച്ച നടത്തിയത് എന്ന കാര്യം പറഞ്ഞാല്‍ മതി. ഉഭയകക്ഷി ചര്‍ച്ചകളും സര്‍വകക്ഷി സമ്മേളനങ്ങളുമെല്ലാം കേരളത്തിൽ നടന്നിട്ടുണ്ട്. അതിൽ മാർക്സിസ്റ്റുകാരും കോൺഗ്രസുകാരും ബി.ജെ.പിക്കാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്. അത് നടത്താൻ അടിസ്ഥാനപരമായ കാരണങ്ങൾ ഉണ്ടായിരുന്നു. സംഘർഷാത്മക സാഹചര്യമാണ് അതിന് കാരണം.
ചര്‍ച്ചയുണ്ടാവാന്‍ പാടില്ലെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. എന്നാൽ, രണ്ട് വര്‍ഗീയശക്തികള്‍ തമ്മില്‍ പരസ്പരം ചര്‍ച്ച നടത്തുമ്പോൾ അതിന്റെ പിന്നിലുള്ള അന്തർധാര എന്നാണ് എന്നാണ് മനസ്സിലാവാത്തത്. ഏത് വർഗീയ ശക്തികളായാലും പരസ്പരം ഏറ്റുമുട്ടും. ഏറ്റുമുട്ടൽ ഇരു കൂട്ടർക്കും ഇഷ്ടമാണ്. ഇതിലൂടെ രണ്ടും പരസ്പരം ശക്തിപ്പെടുകയാണ് ചെയ്യുക. അതുകൊണ്ട് രണ്ടുകൂട്ടർക്കും അക്കാര്യത്തിൽ താൽപര്യമുണ്ടെന്ന് സമ്മതിക്കാം. എന്നാൽ, ജനങ്ങളോട് പറയണമല്ലോ. ആർ.എസ്.എസ് തന്നെ ആൾക്കൂട്ടക്കൊലകൾ നടത്തുക, എന്നിട്ട് അവരോട് തന്നെ ചർച്ച നടത്തുക. ജമാഅത്തെ ഇസ്‍ലാമിയും ആർ.എസ്.എസും തമ്മിലുള്ള ചർച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. മറ്റു സംഘടനകൾ ചർച്ച നടത്തിയതിൽ ഞങ്ങൾക്ക് പ്രശ്നങ്ങളില്ല’’, എം.വി ഗോവിന്ദന്‍ പറഞ്ഞു.