ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം. ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയില്‍ ഇടംനേടിയത് ഇക്കാരണത്താല്‍ ആയിരുന്നു. ആദില്‍ മൈമൂനത്ത് അഷറഫ് എന്ന നവാഗതന്‍ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രണയത്തെക്കുറിച്ചും വ്യക്തിബന്ധങ്ങളെക്കുറിച്ചും ആത്യന്തികമായി തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്ന സിനിമയാണ്.
ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രമായ ജിമ്മിയുടെ കുടുംബപശ്ചാത്തലം പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്താല്‍ ആറ് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്ത, ഇപ്പോള്‍ നാട്ടില്‍ വിന്‍റേജ് കാറുകളുടെ ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന, മുപ്പതുകളുടെ തുടക്കത്തിലുള്ള വിവാഹിതനാവാത്ത ജിമ്മി- ബാപ്പയുടെ നോട്ടത്തില്‍ ജീവിതത്തില്‍ ഇതുവരെ ക്ലച്ച് പിടിക്കാത്ത ആളാണ്. വയസ്സില്‍ ഏറെ ഇളപ്പമുള്ള അനുജത്തി മരിയവുമൊത്ത് കറഞ്ഞിനടന്ന് സമയം കളയുകയാണ് ജിമ്മിയെന്നാണ് വീട്ടുകാരുടെ അഭിപ്രായം. ഒരു ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കവെ തന്നെ തേടിയെത്തുന്ന വിവാഹാലോചനയില്‍ ജിമ്മിയും ഒരു പുതിയ ജീവിതത്തെക്കുറിച്ച് ആഗ്രഹിച്ച് തുടങ്ങുകയാണ്. കാര്യങ്ങള്‍ സ്വച്ഛന്ദം മുന്നോട്ട് നീങ്ങവെ അപ്രതീക്ഷിതമായി അയാള്‍ക്കു മുന്നിലേക്ക് എത്തുന്ന പഴയ കൂട്ടുകാരി അയാളുടെ ജീവിതത്തെ വീണ്ടും ചില സങ്കീര്‍ണ്ണതകളിലേക്ക് നയിക്കുകയാണ്.
ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളിലൊന്നും സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാതെപോയ, അതിന്‍റെ അസന്തുഷ്ടി ഉള്ളില്‍ പേറുന്ന കഥാപാത്രമാണ് ഷറഫിന്‍റെ ജിമ്മി. കായികപ്രേമിയും മുന്‍ അത്‍ലറ്റുമായ അച്ഛന്‍ അബ്ദുള്‍ ഖാദറിന്‍റെ (അശോകന്‍) താല്‍പര്യമായിരുന്നു മകന് ജിമ്മി എന്ന പേര്. ഇന്‍ഹിബിഷനുകളുള്ള, മൃദുസ്വഭാവിയായ ജിമ്മിയെ ഷറഫുദ്ദീന്‍ നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ജിമ്മിയുടെ പഴയ കൂട്ടുകാരി നിത്യയുടെ വേഷമാണ് ഭാവനയ്ക്ക്. വലിയ പ്രകടന സാധ്യതയുള്ള വേഷമല്ലെങ്കിലും ജീവിതത്തിലെ ചില നിര്‍ണ്ണായക സന്ധികളിലൂടെ കടന്നുപോകുന്ന നിത്യയെ ഭാവന മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. പുരോഗമനപരമായ ആശയം മുന്നോട്ടുവെക്കുന്ന സിനിമയുടെ കേന്ദ്രസ്ഥാനത്ത് ഭാവന വന്നുനില്‍ക്കുമ്പോള്‍ അത് കൈയടി അര്‍ഹിക്കുന്ന കാഴ്ചയാവുന്നുണ്ട്. ജിമ്മി വിവാഹം ആലോചിക്കുന്ന ഫിദയെ അവതരിപ്പിച്ച അനാര്‍ക്കലി നാസര്‍, അബ്ദുള്‍ ഖാദര്‍ ആയെത്തിയ അശോകന്‍ എന്നിവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ടെങ്കിലും സ്ക്രീനില്‍ ഏറ്റവുമധികം ഊര്‍ജ്ജം നിറയ്ക്കുന്നത് മരിയത്തെ അവതരിപ്പിച്ച സാനിയയാണ്. സാനിയയിലൂടെയാണ് ചിത്രം കഥ പറഞ്ഞ് മുന്നോട്ട് പോകുന്നതും.
ലുക്ക് ആന്‍ഡ് ഫീലില്‍ കാലികമായ പ്രസരിപ്പോടെ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അരുണ്‍ റുഷ്ദിയാണ്. ബിജിബാലിന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തെ ഒരു മ്യൂസിക്കലിന്‍റെ തലത്തിലേക്ക് പലപ്പോഴും എത്തിക്കുന്നുണ്ട്. നിഷാന്ത് രാംടെകെ, പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ് എന്നിവരുടേതാണ് ചിത്രത്തിലെ ഗാനങ്ങള്‍.
മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള സാമൂഹികമായ മുന്‍വിധികളും വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും തമ്മിലുണ്ടാകുന്ന സംഘര്‍ഷം എക്കാലത്തും സിനിമയുടെ ഇഷ്ട വിഷയമായിരുന്നു. ലിംഗസമത്വം പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന കാലത്ത് അതിന്‍റെ ഗൌരവത്തെ ഉള്‍ക്കൊണ്ട് വിഷയത്തെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന ചിത്രമാണ് ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. തിരച്ചുവരവിനായി ഭാവന തെരഞ്ഞെടുത്ത ചിത്രം അതിന്‍റെ വിഷയ ഗൌരവം കൊണ്ടും ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.