ദില്ലി : നരേന്ദ്ര മോദി സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിൽ എത്തുമെന്ന് അമിത് ഷാ. നരേന്ദ്ര മോദിയുടെ ജനപിന്തുണയിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയെന്നും ബിജെപി ഒറ്റയ്ക്ക് വൻ ഭൂരിപക്ഷം നേടുമെന്നും അമിത് ഷാ പറഞ്ഞു. നിലവിൽ രാഷ്ട്രീയ ഇന്ത്യ ഒന്നടങ്കം ഉറ്റുനോക്കുന്നത് കോൺഗ്രസ് പ്ലീനറി സമ്മേളനം നടക്കുന്ന റായ്പൂരിൽ എന്ത് നടക്കുന്നുവെന്ന് അറിയാനാണ്. 2003 ൽ ഷിംലയിൽ സമാനമായ സമ്മേളം സംഘടിപ്പിച്ച് പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് കൊണ്ടുവരുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. പിന്നാലെ ഇടത് മുന്നണിയുടെ അടക്കം പിന്തുണയുള്ള യുപിഎ സംഖ്യം 2004 എബി വാജ്പേയി സക്കാരിനെ താഴെയിറക്കി അധികാരത്തിലെത്തി.
എന്നാൽ ഈ യോഗങ്ങളിലൊന്നും കാര്യമില്ലെന്ന സന്ദേശം ഒരേ സമയം പ്രതിപക്ഷത്തിനും സ്വന്തം അണികൾക്കും നൽകുകയാണ് ബിജെപി. പാർട്ടി ഒറ്റ കക്ഷിയായി വീണ്ടും അധികാരത്തിലെത്തുമെന്നാണ് അമിത് ഷായുടെ അവകാശവാദം. മോദിയുടെ ജനപിന്തുണയിൽ അസ്വസ്ഥരാണ് പ്രതിപക്ഷമെന്നാണ് അമിത് ഷായുടെ വാദം. വൻ ജനപിന്തുണയുണ്ടെന്നും രാജ്യമെങ്ങും മോദിയുടെ താമര വിരിയുമെന്ന് ആർപ്പുവിളിക്കുന്നുവെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മേഘാലയയിൽ നടന്ന റാലിയിൽ പറഞ്ഞിരുന്നു.
ആകെയുള്ള 543 ലോക്സഭാ സീറ്റിൽ ൽ 365 സീറ്റുകൾ നേടിയാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ബിജെപിക്ക് നേടാം. നേരത്തേ 2019 ൽ 303 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു ബിജെപി. 350 ലേറെ സീറ്റ് നേടിയാണ് 2019 ൽ എൻഡിഎ അധികാരത്തിലെത്തിത്. എന്നാൽ അന്ന് സംഖ്യകക്ഷികളായിരുന്ന ജനതാദൾ യുണൈറ്റഡും ശിവസേനയുമടക്കമുള്ള പാർട്ടികൾ ഇന്ന് ബിജെപിക്കൊപ്പമില്ല. അതുകൊണ്ടുതന്നെ 350 സീറ്റിന് മുകളിലേക്ക് എത്തിയാൽ മാത്രമേ ബിജെപിക്ക് ഒറ്റയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകൂ. ഇത് മുന്നിൽ കണ്ടാണ് അമിത് ഷാ പ്രതിപക്ഷത്തിനും ബിജെപി അണികൾക്കും, കോൺഗ്രസിന്റെ നീക്കങ്ങളിൽ കാര്യമില്ലെന്നും ബിജെപി തന്നെ അധികാരത്തിൽ തുടരുമെന്നുമുള്ള സന്ദേശം നൽകുന്നത്.