കംബോഡിയയിൽ 11 പേർക്ക് പക്ഷിപ്പനി (bird flu) സ്ഥിരീകരിച്ചു. ഈ രോഗം ബാധിച്ച് 11 വയസുകാരി മരണപ്പെട്ടു. പതിറ്റാണ്ടുകളിൽ ഇതാദ്യമായി വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ തുടങ്ങി എന്ന ആശങ്കയും ലോകാരോഗ്യ സംഘടന ശക്തമായിട്ടുണ്ട്.
ഫെബ്രുവരി 16 ന് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കുട്ടിയിൽ പ്രകടമായി. ബുധനാഴ്ച H5N1പക്ഷിപ്പനി വൈറസ് ബാധിച്ച് കുട്ടി മരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടവരിൽ നാല് പേരിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയതായി എന്നാണ് പ്രാദേശിക പത്രമായ ഖെമർ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
കൂടുതൽ പരിശോധനകൾക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം വരാനായി കാത്തിരിക്കുകയാണെന്നും വിദഗ്ധർ പറയുന്നു. കുട്ടിയുമായി സമ്പർക്കം പുലർത്തിയിരുന്ന 12 പേരുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു.
വെള്ളിയാഴ്ച കുട്ടിയുടെ പിതാവിന് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ അയാൾക്ക് രോഗലക്ഷണമില്ലെന്നും
അധികൃതർ പറഞ്ഞു. ഈ രോഗം ബാധിച്ചവരിൽ പലരും സമ്പർക്കം പുലർത്തിയിരുന്നു എന്നത് രോഗകാരിയായ വൈറസ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പടരാൻ തുടങ്ങി എന്ന സംശയത്തെ ബലപ്പെടുത്തുന്നു എന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ പറയുന്നത്.
പക്ഷികളിൽ നിന്നാണോ മനുഷ്യരിൽ നിന്നാണോ രോഗം പകർന്നത് എന്നതാണ് ഇപ്പോൾ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ജോൺ ഹോപ്കിൻസ്‌ഹോസ്പിറ്റലിലെ ഇമ്മ്യുണോളജിസ്റ്റ് ഡോ. ആർതർ കാസഡേവാൽ പറയുന്നു. ലോകമെമ്പാടുമുള്ള പക്ഷികളിൽ വൈറസിന്റെ വ്യാപകമായ വ്യാപനവും മനുഷ്യരുൾപ്പെടെയുള്ള സസ്തനികളിൽ കേസുകളുടെ വർദ്ധിച്ചുവരുന്ന റിപ്പോർട്ടുകളും കണക്കിലെടുക്കുമ്പോൾ ആഗോള H5N1 സാഹചര്യം ആശങ്കാജനകമാണെന്ന് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥൻ സിൽവി ബ്രയാൻഡ് പറഞ്ഞു.
മനുഷ്യരിൽ പക്ഷിപ്പനി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് WHO മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അടുത്തിടെ പറഞ്ഞിരുന്നു. പക്ഷിപ്പനി എന്ന് വിളിക്കുന്ന എച്ച്5 എൻ1 ആദ്യമായി കോഴികളിൽ കണ്ടെത്തിയത് 1959-ൽ സ്‌കോട്ട്ലാൻഡിൽ ആയിരുന്നു. പിന്നീട് 1996-ൽ ഇത് ചൈനയിലും ഹോങ്കോംഗിലും കണ്ടെത്തി.. 1997- ൽ ആയിരുന്നു ഇതാദ്യമായി മനുഷ്യനിൽ കണ്ടെത്തിയത്.