തിരുവല്ല: ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് കാത്തു നിൽക്കവേ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ചാരി നിന്നതിന് പ്ലസ് ടു വിദ്യാർഥികളെ കുത്തി പരിക്കേൽപ്പിച്ചതായി പരാതി. കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ കുന്നന്താനം തെക്കേ ചാലുങ്കൽ വൈശാഖ്, കുന്നന്താനം കാലായിൽ വീട്ടിൽ എൽബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ബി.എസ്.എൻ.എൽ ജീവനക്കാരനായ അഭിലാഷ് എന്നയാളാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ബി.എസ്.എൻ.എൽ ഓഫിസിന് സമീപമായിരുന്നു സംഭവം. ബസ് കാത്തുനിന്ന വിദ്യാർഥികൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നു. ഇതു കണ്ടെത്തിയ അഭിലാഷ് വിദ്യാർഥികളുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു.
പ്രകോപിതനായ അഭിലാഷ് ബി.എസ്.എൻ.എൽ ഓഫിസിൽ പോയി കത്തിയെടുത്ത് തിരികെയെത്തി കുട്ടികളെ ആക്രമിക്കുകയായിരുന്നു. എൽബിന്റെ നെഞ്ചിനും വൈശാഖിന്റെ വയറിനും കുത്തേറ്റു. ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയായ അഭിലാഷ് ഒളിവിൽ പോയതായി കീഴ്വായ്പൂർ പൊലീസ് പറഞ്ഞു.