കോഴിക്കോട്: ആർ.എസ്.എസ്. നയിക്കുന്ന ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ബി.ജെ. പി ഭരണത്തിനെതിരെ ജനാധിപത്യ-മതനിരപേക്ഷ ശക്തികളുടെ വിശാല ഐക്യവും സമരനിരയും വളർത്തണമെന്ന് ആർ .എം.പി. ഐ രണ്ടാം അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. ബി.ജെ.പി മറ്റൊരു ബൂർഷ്വാ പാർട്ടി മാത്രമല്ലെന്നും അത് സമസ്ത മേഖലകളിലും പിടി മുറുക്കുന്ന ഫാസിസ്റ്റ് ഉള്ളടക്കത്തോടു കൂടിയതാണെന്നും സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. എണ്ണമറ്റ സമരങ്ങളിലൂടെ വളർന്ന മനുഷ്യസാഹോദര്യത്തിെൻറയും ദേശീയ ഐക്യത്തിെൻറയും മൂല്യങ്ങൾക്കെതിരായാണ് സംഘ പരിവാർ പ്രവർത്തിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് കോളനി മേധാവികളോട് പലവിധത്തിൽ കൂട്ടുകുടിയ ആർ.എസ്.എസ് പടിപടിയായി ന്യൂനപക്ഷ വിരുദ്ധതയിലൂന്നി ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. `നാനാത്വത്തിൽ ഏകത്വ’ വും സംസ്കാരങ്ങളുടെ വൈവിധ്യവും ഇന്ത്യയുടെ കരുത്തായിരുന്നിട്ടുണ്ട്. അതിനെയാകെ ഏകീകൃത ഐക്യത്തിന്റെ ചട്ടക്കൂടിലേക്കു ചുരുക്കുന്ന നടപടികൾ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയായിത്തീരുമെന്ന് പ്രമേയം മുന്നറിയിപ്പു നൽകി.
രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങളും അന്വേഷണ ഏജൻസികളും സായുധ വിഭാഗങ്ങളും ഭരണകക്ഷിയുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന അപകടകരമായ അവസ്ഥയുണ്ട്. രാഷ്ട്രീയ എതിരാളികളേയും മറ്റു ഭിന്നാഭിപ്രായങ്ങളേയും അവമതിക്കാനും പീഡിപ്പിക്കാനും അറസ്റ്റ് ചെയ്ത് ജയിലിടലക്കാനും ഏജൻസികൾ തയ്യാറാവുന്നു. മുസ്ലിം ചെറുപ്പക്കാരും സ്വതന്ത്ര ബുദ്ധിജീവികളും യു. എ.പി.എ ചുമത്തി ജയിലിലാവുന്നു. ദളിതുകളും ന്യൂനപക്ഷങ്ങളും വിചാരണയില്ലാതെ ജയിലിൽ അവസാനിക്കുന്നു.
സംസ്ഥാനങ്ങളിലെ പ്രതിപക്ഷ ഭരണങ്ങളെ അട്ടിമറിച്ചും ജനപ്രതിനിധികളെ വിലക്കെടുത്തും ജനാധിപത്യം അപഹസിക്കപ്പെടുന്നു. ഹിന്ദുത്വ അടിസ്ഥാനമാക്കുന്ന പുതിയ ഭരണഘടന ചില സംഘപരിവാർ ഘടകങ്ങൾ പുറത്തിറക്കുന്നു. ഈ ഘട്ടത്തിൽ ജനാധിപത്യ ശക്തികളുടെ യോജിപ്പ് അനിവാര്യമാണെന്ന് രാഷ്ട്രീയ പ്രമേയം വ്യക്തമാക്കി.
മാർക്സിസം അംഗീകരിക്കുന്ന ഇടതുപക്ഷ ശക്തികളും പുരോഗമന ശക്തികളും യോജിക്കേണ്ടത് ഈ രാഷ്ടീയ സമരത്തിൽ പ്രധാനമാണ്. ചില കമ്യൂണിസ്റ്റു പാർട്ടികളുടെ നയവ്യതിയാനങ്ങളും കേരള സർക്കാരിന്റെ ബൂർഷ്വാ അനുകൂല സ്വകാര്യവത്ക്കരണ നിലപാടുകളുമെല്ലാം ഇതിൽ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. എങ്കിലും വിശാല ഇടതുപക്ഷ ഐക്യത്തിനു വേണ്ടി ആർ .എം .പി.ഐ നിലകൊള്ളുമെന്ന് ചർച്ചക്കു മറുപടി പറഞ്ഞു കൊണ്ട് ജനറൽ സെക്രടറി മംഗത് റാം പസ് ല വ്യക്തമാക്കി.
ചൈനയിൽ സോഷ്യലിസ്റ്റ് ഭരണവും കോർപറേറ്റ് വളർച്ചയും സംബന്ധിച്ച പ്രശ്നങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു സബ്ബ് കമ്മിറ്റിയെ നിയോഗിച്ച് വിശദമായി പഠിക്കാനും അതനുസരിച്ച് രാഷ്ട്രീയ പ്രമേയം പൂർത്തിയാക്കാനും ചർച്ചകളുടെ അടിസ്ഥാനത്തിൽ സമ്മേളനം തീരുമാനിച്ചു. കരട് പ്രമേയത്തിലെ ഇതു സംബന്ധിച്ച ഖണ്ഡിക പുതുക്കി ഉൾപെടുത്തുമെന്ന് മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
ഇന്നലെയും ഇന്നുമായി നടന്ന അഞ്ചര മണിക്കൂർ ചർച്ചകൾക്ക് ജനറൽ സെക്രട്ടറി മറുപടി പറഞ്ഞു. അതിനു ശേഷം രാഷ്ട്രീയ പ്രമേയം സമ്മേളനം ഏകകണ്ഠേന അംഗീകരിച്ചു. തുടർന്ന് രാഷ്ടീയ – സംഘടനാറിപ്പോർട്ടും സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തന റിപ്പോർട്ടുകളും സമ്മേളനത്തിൽ അവതരിപ്പിച്ചു. ചർച്ചക്കും മറുപടിക്കും ശേഷം പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുപ്പിനു ശേഷം പ്രതിനിധിസമ്മേളനം നാളെ പിരിയും.
നാളെ വൈകീട്ട് നാലിന് വളണ്ടിയർ മാർച്ചും റാലിയും ഇൻഡോർ സ്റ്റേഡിയ പരിസരത്തു നിന്നാരംഭിക്കും. മാവൂർ റോഡ്, മാനാഞ്ചിറ വഴി മുതലക്കുളം മൈതാനിയിൽ സമാപിക്കും. പൊതുസമ്മേളനത്തിൽ മംഗത് റാം പസ് ല, കെ.ഗംഗാധർ, ഹർ കൻവൽ സിങ്, എൻ. വേണു ,കെ.എസ്. ഹരിഹരൻ, കെ.കെ.രമ എം.എൽ.എ , അഡ്വ. പി കുമാരൻകുട്ടി, ചന്ദ്രൻ കുളങ്ങര തുടങ്ങിയവർ സംസാരിക്കും.