നായ്കള്‍ പൂച്ചകളുമായി തല്ലു കൂടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ വെള്ളത്തിലിറങ്ങി കൂറ്റൻ ഒരു സ്രാവിനെ ആക്രമിക്കുന്ന നായയെ കണ്ടിട്ടുണ്ടോ? അത്തരമൊരു സംഭവത്തിന്‍റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബഹമാസിൽ നിന്നും പുറത്തു വന്നതാണ് ഈ ദൃശ്യം. ബഹമാസിൽ കരയോട് ചേർന്ന പ്രദേശത്ത് ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഒരുകൂട്ടം യാത്രക്കാർ ആണ് ഈ ദൃശ്യം പകർത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഹാമർഹെഡ് ഷാർക്ക് ഇനത്തിൽപ്പെട്ട വമ്പൻ സ്രാവ് വെള്ളത്തിലൂടെ നീന്തുന്നത് കണ്ടാണ് യാത്രക്കാരിൽ ഒരാൾ ദൃശ്യങ്ങൾ പകർത്തിയത്. 12 അടി നീളമുള്ള സ്രാവ് കരയോട് ചേർന്ന പ്രദേശത്തേക്ക് നീന്തിയെത്തിയപ്പോഴാണ് അവിടേക്ക് ഒരു നായ ഓടിയെത്തുന്നത്.
സ്രാവിനെ കണ്ട ഉടൻതന്നെ നായ അതിനെ പിടികൂടാനായി നേരെ വെള്ളത്തിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. ഇതുകണ്ട സഞ്ചാരികൾ ഉച്ചത്തിൽ നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. അതേസമയം, തന്നെക്കാൾ മൂന്നിരട്ടി വലുപ്പമുണ്ടായിട്ടും സ്രാവിനെ കീഴടക്കാനുള്ള ശ്രമത്തിലായിരുന്നു നായ. ഇരു ജീവികളും തമ്മിലുള്ള പോരാട്ടം കുറച്ചധിക സമയം നീണ്ടു നിന്നു. ഏറ്റുമുട്ടലിനൊടുവിൽ നായ അപകടം കൂടാതെ തിരികെ കരയിലേക്ക് മടങ്ങുകയും ചെയ്തു.
എക്സുമ വാട്ടർ സ്പോർട്സ് എന്ന സ്ഥാപനമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും. നായയുടെ ധൈര്യത്തെ സമ്മതിക്കണം എന്നാണ് പലരുടെയും കമന്‍റുകള്‍.