തിരുവനന്തപുരം: മതിയായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് കഴിയാത്തതിനാൽ അയൽവാസികളുടെ തർക്കം തീർക്കാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. ഫോർട്ട് പോലീസ് സ്റ്റേഷൻ മുൻ എസ്.ഐ ശ്രീജിത്തിനെയും സംഘത്തെയും ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതി പടിഞ്ഞാറേക്കോട്ട സ്വദേശി മഹാദേവനെ(48)യാണ് തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടത്.
പ്രതിക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കർത്തവ്യമാണെന്ന് വിധി ന്യായത്തിൽ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി. 2013 ഒക്ടോബർ 22ന് രാത്രി 9.15നാണ് കേസിന് ആസ്പദമായ സംഭവം. ഡ്രൈനേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ കലഹം നടക്കുന്നു എന്ന വിവരം അറിഞ്ഞാണ് എസ്.ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയത്. സംഘത്തെ മഹാദേവൻ ചീത്തവിളിക്കുകയും തുടർന്ന് മദ്യലഹരിയിൽ എസ്.ഐ ശ്രീജിത്തിന്റെ ചെകിട്ടത്തടിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തി എന്നുമായിരുന്നു കേസ്. എസ്. ഐ ശ്രീജിത്ത് തന്നെ ആണ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്. കൂടാതെ മഹാദേവനെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു എന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതും പ്രതിയുടെ രക്ത സാമ്പിൾ എടുത്ത് പരിശോധന നടത്തി ഫലം ലഭ്യമാക്കണമെന്ന അഭ്യർത്ഥന പൊലീസ് ഡോക്ടർക്ക് നൽകിയിട്ടില്ല എന്നതും കോടതി ചൂണ്ടിക്കാട്ടി.
എസ് ഐ ശ്രീജിത്തിൻ്റെ വൈദ്യ പരിശോധനയിൽ ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ മർദനമേറ്റ മുറിവോ പാടോ അടയാളമോ ഉള്ളതായി ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല എന്നും കേസ് തെളിയിക്കുന്നതിന് വേണ്ട തെളിവുകൾ ഇല്ലെന്നും കോടതി വിലയിരുത്തി. കേസിൽ ആരോപിക്കുന്ന കുറ്റങ്ങൾ തെളിക്കാനുള്ള ഒരു ഘടകവും വിചാരണയിൽ കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന് വേണ്ടി നന്ദുപ്രകാശ് ഹാജരായി.