വിവിധ മാധ്യമങ്ങളിൽ പലതരത്തിലുള്ള തൊഴിലവസര വാർത്തകൾ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും. അവയിൽ പലതും ഏറെ വിചിത്രമായി തോന്നുകയും ചെയ്തേക്കാം. എന്നാൽ, ഇതുപോലൊരു ജോലി ഒഴിവ് മുൻപെങ്ങും കേട്ടിട്ടുണ്ടാകാൻ വഴിയില്ല. കാരണം ലോകത്തിൽ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു തസ്തികയിലേക്ക് ജോലിക്കാരെ തേടുന്നത്.
ജോലി മറ്റൊന്നുമല്ല യുകെയിലെ ഒരു പ്രമുഖ ന്യൂട്രീഷൻ കമ്പനിക്ക് വേണ്ടി മനുഷ്യ വിസർജ്യം മണക്കണം. പ്രതിമാസ ശമ്പളം ഒന്നര ലക്ഷം രൂപ. ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യവും മനുഷ്യവിസർജ്യത്തിന്റെ ഗന്ധവും നിറവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കി ആളുകളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു തസ്തിക സൃഷ്ടിക്കുന്നത്.
യുകെ ആസ്ഥാനമായുള്ള ഫീൽ കംപ്ലീറ്റ് എന്ന ന്യൂട്രീഷൻ സ്ഥാപനം ആണ് ഇത്തരത്തിൽ ഒരു ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഗന്ധങ്ങളെ എളുപ്പത്തിൽ വേർതിരിച്ച് അറിയാൻ ശേഷിയുള്ള അഞ്ച് ജീവനക്കാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കുടലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം നിർദ്ദേശിക്കുന്നതിനും ആണ് ഇത്തരത്തിൽ ഒരു തസ്തിക സൃഷ്ടിച്ച് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃത്യമായ പരിശീലനം നൽകാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. പൂംമെലിയർ എന്നാണ് ഈ തസ്തികയുടെ പേര്. ലോകത്തിൽ തന്നെ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു തസ്തിക.
പരിശീലന കാലയളവിൽ മികവ് പുലർത്തുന്ന ആളെ കമ്പനിയുടെ ആസ്ഥാന പൂംമെലിയർ ആയി നിയമിക്കും. മലത്തിന്റെ രൂപം, ഗന്ധം, നിറം, ഘടന, ക്രമം എന്നിവ വ്യത്യസ്തങ്ങളായ ആരോഗ്യ അവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മനുഷ്യ വിസർജ പരിശോധനയിലൂടെ ശാരീരിക അവസ്ഥകൾ മനസ്സിലാക്കി ആളുകളെ ബോധവൽക്കരിക്കുകയാണ് പൂംമെലിയറുടെ ജോലി.