കൊച്ചി: ഐഎഎസ് ട്രെയിനി ചമഞ്ഞ് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടിൽ മുഹമ്മദ് അജ്മൽ ഹുസൈൻ (28 ) നെയാണ് മുളന്തുരുത്തി ഇൻസ്പെക്ടർ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. അരയൻകാവ് സ്വദേശിനിയായ യുവതിയിൽ നിന്നാണ് വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം രൂപ തട്ടിയെടുത്തത്. യുവതി ട്രെയിനിൽ വെച്ചാണ് അജ്മലിനെ പരിചയപ്പെടുന്നത്. മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയിൽ ഐഎഎസ് ട്രെയിനി ആണെന്ന് പറഞ്ഞാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് പല തവണകളായി 30 ലക്ഷം രൂപ ഇയാൾ അക്കൗണ്ടിലേക്ക് പഠനാവശ്യത്തിലേക്ക് ചോദിച്ച് വാങ്ങി.
യുവതിയുടെ അച്ഛന്‍റെ അക്കൗണ്ടിൽ നിന്നാണ് പ്രതിയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തത്. നിരന്തരമായി പണം ആവശ്യപ്പെട്ടപ്പോൾ യുവതി പണം നൽകുന്നത് അവസാനിപ്പിച്ചു. തുടർന്ന് ഇയാൾ യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. വിവാഹിതനാണെന്ന കാര്യവും മുഹമ്മദ് അജ്മൽ ഹുസൈൻ മറച്ചുവച്ചു. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിച്ചു വരികയായിരുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്തെ തുടർന്ന് രൂപകരിച്ച പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പുത്തൻകുരിശ് ഡിവൈ.എസ്.പി. ടി.ബി. വിജയന്‍റെ മേൽനോട്ടത്തിൽ കേസിന്‍റെ അന്വേഷണചുമതലയുള്ള ഇൻസ്പെക്ടർ പി.എസ്. ഷിജു, എസ്.ഐ എസ്.എൻ. സുമിത, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ. രാകേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.