ഭോപ്പാല്‍: മധ്യപ്രദേശില്‍ ചത്ത കുരങ്ങന്റെ ശവസംസ്‌കാരത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ നിരവധിപേര്‍ ഒളിവിലാണ്. മധ്യപ്രദേശിലെ രാജ്ഘഡ് ജില്ലയിലെ ദാലുപുര ഗ്രാമത്തിലാണ് സംഭവം. ഡിസംബര്‍ 29നാണ് കുരങ്ങന്‍ ചത്തത്. ആയിരക്കണക്കിന് ആളുകളാണ് കുരങ്ങന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തത്. കുരങ്ങന്റെ ജഡം വഹിച്ചുള്ള ശവഘോഷ യാത്രയും വീഡിയോയില്‍ കാണാം. ഹരി സിങ് എന്നയാള്‍ ചടങ്ങിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യുകയും ചെയ്തു.
ഗ്രാമത്തിലെ സ്ഥിരം സന്ദര്‍ശകനും ഗ്രാമീണര്‍ക്ക് പ്രിയങ്കരനുമായിരുന്നു ഈ കുരങ്ങ്. അതുകൊണ്ടുതന്നെ കുരങ്ങിന്റെ സംസ്‌കാരം ആചാരത്തോടെ നടത്താന്‍ തീരുമാനിച്ചു. ഇതിനായി ഗ്രാമീണര്‍ പിരിവെടുത്ത് ആയിരത്തഞ്ഞൂറോളം പേര്‍ക്ക് സദ്യയൊരുക്കുകയും ചെയ്തു. വലിയ പന്തലില്‍ ആളുകളിരുന്ന് ഭക്ഷണം കഴിക്കുന്നതും കാണാം. മധ്യപ്രദേശില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആളുകള്‍ കൂടുന്നത് നിരോധിച്ചിരുന്നു. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമീണര്‍ വലിയ പരിപാടി നടത്തിയത്. വീഡിയോ പുറത്തുവന്നതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം 2039 കൊവിഡ് കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്.