കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കാപ്പാ ചുമത്തി ജയിലിൽ അടച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ പുലർച്ചെ നാലുമണിക്കാണ് ഇരുവരെയും എത്തിച്ചത്.
ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതൽ തടങ്കലിൽ കഴിയേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്.
ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ആകാശ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. സി പി എമ്മിന്റെ രാഷ്ട്രീയ സമ്മർദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്