അസാധാരണമായ ഉയര വ്യത്യാസമുള്ള ഇരട്ട സഹോദരിമാർ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടി. ജപ്പാനിലെ ഒകയാമയിൽ നിന്നുള്ള ഇരട്ട സഹോദരിമാരാണ് ഇവർ. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസം 75 സെൻറീമീറ്റർ ആണ്. അതായത് 2 അടി 5.5 ഇഞ്ച്. ഉയരവ്യത്യാസം കൊണ്ട് ഏവരെയും അമ്പരപ്പിച്ചിരിക്കുന്ന ഈ സഹോദരിമാരാണ് ഇന്ന് ജീവിച്ചിരിക്കുന്ന പരസ്പരസാമ്യം ഇല്ലാത്ത ഇരട്ടകളിൽ ഏറ്റവും ഉയര വ്യത്യാസം ഉള്ളവർ. യോഷി, മിച്ചി കികുച്ചി എന്നാണ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയ ഈ സഹോദരിമാരുടെ പേര്.
സാധാരണയായി ഇരട്ടകൾ എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് വരുന്നത് ഒരേ രൂപത്തിൽ ഉള്ളവരായിരിക്കും. എന്നാൽ, ഈ സഹോദരിമാർ തമ്മിൽ ഒരുതരത്തിലുള്ള രൂപ സാദൃശ്യങ്ങളും ഇല്ല എന്നുള്ളതാണ് വാസ്തവം. 33 വയസ്സുള്ള ഈ സഹോദരിമാർ രൂപത്തിലും മുഖസവിശേഷതകളിലും എല്ലാം വേറിട്ട് നിൽക്കുന്നു. ഇവരിൽ യോഷിയുടെ ഉയരം 162.5 സെ.മീ യും (5 അടി 4 ഇഞ്ച്) മിച്ചിയുടെ 87.5 സെ.മീ യും (2 അടി 10.5 ഇഞ്ച്) ആണ്.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് ആണ് കൗതുകകരമായ ഉയര വ്യത്യാസമുള്ള ഈ സഹോദരിമാരെ കുറിച്ച് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. തങ്ങളുടെ ശരീരങ്ങൾ തമ്മിൽ മാത്രമേ ഉയരവ്യത്യാസമുള്ളൂ എന്നാണ് ഈ സഹോദരിമാർ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ഒപ്പം തങ്ങളുടെ മനസ്സുകൾ തമ്മിൽ ഏറെ അടുത്താണ് എന്നും അവർ പറഞ്ഞു. 1989 ഒക്ടോബർ 15 -നാണ് ഈ ഇരട്ട സഹോദരിമാർ ജനിച്ചത്. മിച്ചി ഇപ്പോഴും മാതാപിതാക്കൾക്കൊപ്പം ആണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞ യോഷി ഒരു കുട്ടിയുടെ അമ്മയാണ് ഇപ്പോൾ.