കൊച്ചി ∙ നഗരത്തിൽ കുടിവെള്ളം മുടങ്ങിയതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. കുടിവെള്ളം മുടങ്ങിയത് ഗൗരവമുള്ള വിഷയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശുദ്ധജല ക്ഷാമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെന്നും ജല അതോറിറ്റി വിഷയം ഗൗരവത്തിലെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഒന്നര മാസമായി വെള്ളം കിട്ടാനില്ലെന്നു ചൂണ്ടിക്കാട്ടി നെട്ടൂര്‍ സ്വദേശികൾ നൽകിയ ഹര്‍ജിയിലാണ് കോടതി പരാമർശം. ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ ഇടപെടലുണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ പരാതിപ്പെട്ടിട്ടുണ്ട്.