തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മുഖ്യ ആസൂത്രക കാമുകി തന്നെയെന്ന് പ്രവാസിയുടെ മൊഴി. കാമുകിയും ദുബൈയിലുള്ള മറ്റൊരു സുഹൃത്തും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്നാണ് മുഹിയുദീൻ അബ്ദുൾ ഖാദറിന്റെ വെളിപ്പെടുത്തൽ. കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദുബൈയിൽ നിന്നെത്തിയ തക്കല സ്വദേശി മുഹിയുദീൻ അബ്ദുൾ ഖാദറിനെ തട്ടിക്കൊണ്ടുപോയ
സംഭവത്തിൽ മുഹിയുദ്ദീന്റെ കാമുകി ഇൻഷയും സഹോദരനും അടക്കം ആറ് പേരെയാണ് പൊലീസ് പിടികൂടിയത്.
ഇൻഷയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും കാറോടിച്ചിരുന്ന രാജേഷ് കുമാറാണ് കേസിലെ മുഖ്യപ്രതിയെന്നുമായിരുന്നു മുഹിയുദ്ദീൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇൻഷ തന്നെ ഗൂഢാലോചനയ്ക്ക് പിന്നിലെന്നാണ് മുഹിയുദ്ദീന്റെ വെളിപ്പെടുത്തൽ. ഭയം കൊണ്ടാണ് ഇൻഷയക്ക് പങ്കില്ലെന്ന് പറഞ്ഞതെന്നും, ദുബൈയിലെ ഇരുവരുടെ സുഹൃത്തും ഇൻഷയും ചേർന്നാണ് കൃത്യം ആസൂത്രണം ചെയ്തതെന്നുമാണ് മുഹിയുദീൻ പറയുന്നത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന അന്വേഷണം പൊലീസ് തുടരുകയാണ്. ദുബൈയിലുള്ള ആളെ പറ്റി അന്വേഷിക്കാൻ കേരള പൊലീസിന് പരിമിതിയുണ്ട്. എങ്കിലും കൂടുതൽ പ്രതികളുണ്ടെങ്കിൽ ഏത്രയും വേഗം അന്വേഷണം പൂർത്തിയാക്കുമെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തക്കല സ്വദേശിയായ മുഹിയുദീൻ അബ്ദുൾ ഖാദറിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം വർക്കലയിലെ റിസോർട്ടിലെ പൂട്ടിയിട്ട് മർദ്ദിച്ച് സ്വർണവും പണവും ബാങ്ക് കാർഡുകളും കവർന്നു. കാമുകിയായിരുന്നു മുഹയുദീനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്.