അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന നിരവധി പേരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും വണ്ണം കൂടാം. കാരണം കണ്ടെത്തി പരിഹരിക്കുകയാണ് പ്രധാനമായി ചെയ്യേണ്ടത്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയൂ.
വറുത്തതും പൊരിച്ചതുമായ ഭക്ഷണവും മധുരം ധാരാളം അടങ്ങിയ ഭക്ഷണവും കഴിവതും കുറയ്ക്കാന്‍ ശ്രദ്ധിക്കണം. കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെയും നിയന്ത്രിക്കാം.
പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും വിശപ്പിനെ നിയന്ത്രിക്കാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കാനും സഹായിക്കും. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും.
അതുപോലെ തന്നെ ദിവസവും വ്യായാമം ചെയ്യുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. വണ്ണം കുറയ്ക്കാന്‍ പരീക്ഷിക്കേണ്ട ചില ടിപ്സ് നോക്കാം…
1. നല്ല വിശക്കുന്നത് വരെ കാത്തിരിക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. നല്ല വിശന്നാല്‍ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയുണ്ട്.
2. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക. വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കാതെ, സാവധാനം ചവച്ചരച്ച് കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. അതുവഴി വണ്ണം കുറയ്ക്കാനും സാധിക്കും.
3. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ മാറ്റി വയ്ക്കുക. ഇതും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാന്‍ സഹായിക്കും.
4. കൃത്യമായ അളവില്‍ മാത്രം ഭക്ഷണം പ്ലേറ്റില് വിളമ്പുക. മിതമായ അളവില്‍ മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.
5. വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാന്‍ സാധിക്കും.