ബെംഗളൂരു: വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്നും പിൻമാറിയ കാമുകിയെ ആൾക്കൂട്ടത്തിനിടയിലിട്ട് കുത്തിക്കൊന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം ബെംഗളൂരുവിലെ മുരുകേഷ്പല്യയിലാണ് 28 കാരനായ യുവാവ് 25കാരിയായ യുവതിയെ കുത്തിക്കൊന്നത്. യുവതിയുടെ ശരീരത്തിൽ 16 മുറിവുകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ആന്ധ്രപ്രദേശ് സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആന്ധ്ര സ്വദേശിയായ ദിനകർ ബനാലയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബെംഗളൂരുവിൽ വ്യത്യസ്ഥ ഹെൽത്ത് കെയർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ഥ ജാതിയായതിനാൽ ലീല പവിത്രയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. വിവാഹത്തിൽ നിന്നും പിൻമാറിയതാണ് യുവതിയെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് പറയുന്നു.
വിവാഹത്തിൽ നിന്ന് പിൻമാറിയത് ദിനകർ ബനാലയെ രോഷത്തിലാഴ്ത്തി. തുടർന്ന് യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിലെത്തി ലീലയെ കാത്തുനിന്നു. ജോലി കഴിഞ്ഞിറങ്ങിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവ് യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആൾക്കൂട്ടത്തിന് നടുവിലിട്ട് 16 തവണ കുത്തിയതായി പൊലീസ് പറയുന്നു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.