ബംഗളൂരു: കർണാടകയിലെ ചാമരാജ്നഗറിൽ സർക്കാർ ഹയർ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 വിദ്യാർഥികൾ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ചികിത്സ തേടി. കുട്ടികൾ സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ച സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ചാമരാജ്നഗറിലെ ഹാനൂർ താലൂക്കിലെ വടകെഹള്ളി ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്കൂളിലാണ് സംഭവം. സ്കൂളിൽ ആകെ 170 വിദ്യാർഥികളാണ് പഠിക്കുന്നത്. തിങ്കളാഴ്ചത്തെ ക്ലാസിൽ 90 കുട്ടികളാണ് പങ്കെടുത്തത്. ഉച്ചഭക്ഷണം കഴിച്ചശേഷം 70 ഓളം വിദ്യാർഥികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടു.
അധ്യാപകർ നടത്തിയ പരിശോധനയിലാണ് ഉച്ചഭക്ഷണത്തിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയത്. ദേഹാസ്വാസ്ഥ്യമുണ്ടായ വിദ്യാർഥികളെ കൗഡഹള്ളി, രാമപുര എന്നിവിടങ്ങിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. ചികിത്സക്കുശേഷം കുട്ടികളെ വീടുകളിലെത്തിച്ചതായും ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും ഹാനൂർ താലൂക്ക് ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ സി.എസ്. സ്വാമി പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലും സമാനമായ രീതിയിൽ ഹാവേരി ജില്ലയിലെ റാണിബെന്നൂരിലെ വെങ്കടപുര ഗ്രാമത്തിലെ ഗവ. പ്രൈമറി സ്കൂളിലെ ഉച്ചഭക്ഷണത്തിന് നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തിയിരുന്നു.