ശാന്തൻപാറ> ശാന്തൻപാറയിലെ ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടാൻ ദ്രുതപ്രതികരണ സേന ഒമ്പതിന് എത്തും. ചിന്നക്കനാൽ, ആനയിറങ്കൽ പ്രദേശത്തുതന്നെ കൂടൊരുക്കാനാണ് ദൗത്യസംഘത്തിന്റെ തീരുമാനം. മയക്കുവെടിവച്ചശേഷം കോടനാട്ടുവരെ പോകുന്നതിന്റെ സാങ്കേതികതടസ്സം മൂലമാണ് ചിന്നക്കനാൽ– ആനയിറങ്ങൽ പ്രദേശത്ത് കൂടൊരുക്കാൻ തീരുമാനിച്ചത്. കൂടാതെ അക്രമകാരികളായ മറ്റുകൊമ്പൻമാരെയും നിരീക്ഷിക്കാനും പദ്ധതിയുണ്ട്.
ഫെബ്രുവരി 22ന് ആയിരുന്നു അക്രമകാരികളായ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ കാട്ടുകൊമ്പൻമാരെ പിടിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് വന്നത്. ഉത്തരവ് വന്നശേഷവും സമീപപ്രദേശങ്ങളിൽ കാട്ടുകൊമ്പന്മാരുടെ ആക്രമണം തുടരുകയാണ്. ചക്കക്കൊമ്പൻ ചൊവ്വാഴ്ച തൊഴിലാളികളുമായി പോയ ജീപ്പ് ചിന്നക്കനാലിൽ തകർത്തിരുന്നു.