മിക്ക ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് എണ്ണമയമുള്ള ചർമ്മം. എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എണ്ണമയമുള്ള ചർമ്മം നിരവധി ചർമ്മ പ്രശ്നങ്ങളിലേക്ക് നയിക്കും. സെബം അധികമായി ഉത്പാദിപ്പിക്കപ്പെടുന്നത് മൂലമാണ് എണ്ണമയമുള്ള ചർമ്മം ഉണ്ടാകുന്നത്.
ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, മുഖക്കുരു, വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് കാരണമാകും. ചർമ്മത്തിലെ അധികമുള്ള എണ്ണയെ അകറ്റുന്നതിന് ഇടയ്ക്കിടെ മുഖം കഴുകി വൃത്തിയാക്കുക.
മുഖത്ത് അടിഞ്ഞു കൂടുന്ന അമിതമായ എണ്ണയും അഴുക്കും മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. എണ്ണമയമുള്ള ചർമ്മമുള്ളവർ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപ്പെടാം…
ഒന്ന്…
ആപ്പിൾ സിഡെർ വിനെഗറിന് ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഗുണങ്ങളുണ്ട്. രണ്ട് സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ഇത് കഴുകിക്കളയുക. ചർമ്മപ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കും.
രണ്ട്…
നാരങ്ങാനീരിൽ പ്രകൃതിദത്തമായ ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ എണ്ണ ഉൽപാദനം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ പകുതി നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞ് ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കാം.
മൂന്ന്…
തേനിന് ആന്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് എണ്ണമയമുള്ള ചർമ്മത്തിന് ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ്. തേനും നാരങ്ങനീരും ചേർത്ത് മുഖത്തിടുക. ഇത് എണ്ണമയം അകറ്റാൻ സഹായിക്കും.
നാല്…
ടീ ട്രീ ഓയിലിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. തേങ്ങപാൽ അല്ലെങ്കിൽ ജോജോബ ഓയിൽ പോലുള്ളവ ചേർത്ത് ടീ ട്രീ ഓയിൽ കലർത്തി ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനുള്ളിൽ ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ഇത് മുഖത്തെ എണ്ണമയം അകറ്റുന്നതിന് സഹായിക്കുന്നു.