തിരുവനന്തപുരം ∙ ഉയർന്ന മാസവാടക ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു വർഷം മുൻപു വേണ്ടെന്നുവച്ച ഹെലികോപ്റ്റർ ഇടപാടുമായി വീണ്ടും സംസ്ഥാന സർക്കാർ. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ വെറ്റ്‌ലീസ് വ്യവസ്ഥയിൽ (പൈലറ്റ് സഹിതം) വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പുതിയ ടെൻഡർ വിളിക്കും.
ഒരു വർഷം മുൻപുള്ള ടെൻഡറിൽ ന്യൂഡൽഹി ആസ്ഥാനമായ ചിപ്സൻ ഏവിയേഷനിൽനിന്നു ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ ധാരണയായിരുന്നു. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണു കമ്പനി ആവശ്യപ്പെട്ടത്. കൂടുതൽ പറന്നാൽ ഓരോ മണിക്കൂറിനും 90,000 രൂപ അധികം നൽകണമായിരുന്നു. അൽപം കൂടി നിരക്കു കുറയ്ക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും കമ്പനി തള്ളി. ഇത്രയും ഉയർന്ന തുകയ്ക്കു ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതു വിവാദമായതോടെ ഇടപാട് സർക്കാർ മരവിപ്പിക്കുകയായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പവൻഹംസ് കമ്പനിയിൽനിന്നു ടെൻഡറില്ലാതെ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതു വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വർഷത്തേക്കു ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചപ്പോഴാണ് 2021 അവസാനം പുതിയ ടെൻഡർ വിളിച്ചത്.
പെൻഷൻ കമ്പനിക്കായി 6000 കോടി കടമെടുക്കും
കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കടമെടുപ്പ് സർക്കാരിന്റെ ആകെ കടമെടുപ്പു പരിധിയിൽ വരുമെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വ്യക്തമാക്കിയിട്ടും പെൻഷൻ കമ്പനിക്കു വേണ്ടി വീണ്ടും കടമെടുക്കാൻ സർക്കാർ. കമ്പനിയുടെ 6000 കോടി രൂപയുടെ കടമെടുപ്പിനു സർക്കാർ ഗാരന്റി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ ജനുവരി 12 വരെ കമ്പനി പുതിയതായി എടുത്തതോ പുതുക്കിയതോ ആയ വായ്പകൾക്കാണ് ഇതിൽ 4200 കോടി രൂപയുടെ ഗാരന്റി നൽകുക. ബാക്കി 1800 കോടി രൂപയുടെ ഗാരന്റി ഭാവിയിൽ എടുക്കുന്ന വായ്പയ്ക്കാണ്.
പെൻഷൻ നൽകുന്നതിനുള്ള പണം കണ്ടെത്തുന്നതിനെന്ന പേരിലാണ് ഇത്തവണത്തെ ബജറ്റിൽ സർക്കാർ സാമൂഹിക സുരക്ഷാ സീഡ് ഫണ്ട് പ്രഖ്യാപിച്ചത്. ഫണ്ട് കണ്ടെത്താൻ പെട്രോൾ, ഡീസൽ, മദ്യം എന്നിവയ്ക്കു സെസ് ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു പുറമേയാണു കടമെടുപ്പിനു ഗാരന്റി നൽകുന്നത്.