തിരുവനന്തപുരം: അഴിമതിക്കേസിൽ സർക്കാർ സംരക്ഷിച്ച പ്രതിയ്ക്ക് പൂട്ടിട്ട് വിജിലൻസ്. സാമ്പത്തിക ക്രമക്കേട് കേസിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച കെ ടി ഡി സി മുൻ എംഡി രാജശ്രീ അജിത്തിനെ പ്രതിയാക്കി വിജിലൻസ്, കോടതിയിൽ കുറ്റപത്രം നൽകി. ഗൂഢാലോനയ്ക്കും വ്യാജ രേഖയുണ്ടാക്കിയതിനും രാജശ്രീയെ ഒന്നാം പ്രതിയാക്കി നൽകിയ കുറ്റപത്രം കോടതി അംഗീകരിച്ചു.
വ്യാജരേഖ ഹാജരാക്കി കെ ടി ഡി എഫ് സിയിൽ നിന്നും 22 ലക്ഷം വായ്പ തട്ടിയ വിനോദ് എസ് നായർ എന്നയാൾക്ക് ഒത്താശ ചെയ്ത കേസിൽ പ്രതിയാണ് രാജശ്രീ. 2005ൽ കെ ടി ഡി എഫ് സി എംഡിയായിരിക്കെയാണ് വ്യാജരേഖയുടെ മറവിൽ വൻതുക വായ്പ നൽകിയത്. വായ്പ കിട്ടിയയാൾ പണം തിരിച്ചടച്ചില്ല. പലിശ കയറി നഷ്ടം 64 ലക്ഷമായി. വായ്പ നൽകിയ ഭൂമിയുടെ രേഖ തന്നെ വ്യാജമായതിനാൽ ലേലം ചെയ്ത് പണമീടാക്കാനും കഴിഞ്ഞില്ല. സർക്കാരിന് നഷ്ടമുണ്ടാക്കിയ കേസിൽ രാജശ്രീയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. അന്വേഷണം പൂർത്തിയാക്കി പ്രോസിക്യൂഷൻ അനുമതിക്കായി കുറ്റപത്രം സർക്കാരിന് നൽകി.
എന്നാൽ മൂന്നു വർഷം ഈ കുറ്റപത്രം കൈയിൽ വെച്ച ശേഷം പ്രോസിക്യൂഷൻ അനുമതി നൽകാതെ തള്ളുകയാണ് സർക്കാർ ചെയ്തത്. വലിയ ക്രമക്കേടല്ലെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, സർക്കാർ അനുമതി നിഷേധിച്ചാലും ഗൂഢാലോചനയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ കുറ്റപത്രം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സർക്കുലർ ഇറക്കിയതോടെ കളി മാറി. പിന്നാലെ, രാജശ്രീ അജിത്ത് പ്രതിയായ കേസിലെ കുറ്റപത്രം വിജിലൻസ് കോടതിയിൽ നൽകി. പുതിയ സർക്കുലർ പ്രകാരമുള്ള ആദ്യ കുറ്റപത്രമാണിത്.
വാദത്തിന് ശേഷം സർക്കാർ നേരത്തെ അനുമതി നിഷേധിച്ച പ്രതിക്കെതിരായ കുറ്റപത്രം തിരുവനന്തപുരം വിജിലൻസ് കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ഔദ്യോഗിക പദവിയിലിക്കുമ്പോള്‍ ഗൂഢാലോചനയിൽ പങ്കാളിയാകുന്നതിന് ജോലിക്കിടെയുണ്ടാകുന്ന ചെറിയപ്പിഴവായി കാണാനാകില്ലെന്ന വിജിലൻസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. രാജശ്രീ അജിത് ഉള്‍പ്പെട 9 പേർക്കെതിരെയാണ് വിജിലൻസ് കുറ്റപത്രം നൽകിയത്.