ബംഗളൂരു: സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ 17 ശതമാനം വർധന നടപ്പാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. ശമ്പള വർധനയും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മാർച്ച് ഒന്നു മുതൽ സർക്കാർ ജീവനക്കാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കാനിരിക്കെയാണ് നടപടി. അതോടൊപ്പം ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന് പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോവുന്നതിന്റെ സാധ്യതകൾ പഠിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ദേശീയ പെൻഷൻ പദ്ധതി മറ്റു സംസ്ഥാനങ്ങളിലുണ്ടാക്കിയ മാറ്റങ്ങളും കമ്മിറ്റി പഠനവിധേയമാക്കും.
ഏഴാം ശമ്പള കമീഷന്റെ ശിപാർശ പ്രകാരമുള്ള ശമ്പളം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് ലഭിക്കാതെ സമരനീക്കത്തിൽനിന്ന് പിന്മാറില്ലെന്നായിരുന്നു സർക്കാർ ജീവനക്കാരുടെ നിലപാട്. സംസ്ഥാന ഗവ. എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. ശതാക്ഷരി ബുധനാഴ്ച ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് സർക്കാർ പ്രഖ്യാപനത്തിന്റെ പകർപ്പ് കൈപ്പറ്റി. അനിശ്ചിതകാല സമരത്തിന് കോർപറേഷൻ ജീവനക്കാരുടെ സംഘടനകളുൾപ്പെടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.