കൊഹിമ ∙ നാഗാലാൻഡിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിപിപി–ബിജെപി സഖ്യം ഭരണത്തുടർച്ചയിലേക്ക്. 60 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 43 ഇടത്ത് എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. രണ്ടിടത്ത് ബിജെപിയും ഒരിടത്ത് മുന്‍മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ എൻഡിപിപിയും (യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സ് (യുഡിഎ) വിജയിച്ചു.
ബിജെപി 11 സീറ്റിലും സഖ്യകക്ഷിയായ എൻഡിപിപി 22 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിഎഫ് (നാഗാ പീപ്പിള്‍ ഫ്രണ്ട്) 4 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ ജനവിധി തേടുന്നുണ്ട്. എന്‍ഡിപിപിയുടെ സല്‍ഹൗതുവോനുവോ ക്രൂസ് (വെസ്‌റ്റേണ്‍ അംഗാമി), ഹെകാനി ജഖാലു (ദിമാപൂര്‍), കോണ്‍ഗ്രസിന്റെ റോസി തോംസണ്‍ ടേനിങ്), ബിജെപിയുടെ കഹുലി സെമ (അതോയ്‌സു) എന്നിവരാണ് 179 പുരുഷന്മാര്‍ക്കൊപ്പം (മത്സരമില്ലാതെ വിജയിച്ച ഒരാള്‍ ഒഴികെ) മത്സരിച്ചത്. ഇവരിൽ സല്‍ഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നിവർ മുന്നിലാണ്. നാഗാലാൻഡിന് ആദ്യമായി ഒരു വനിതാ എംഎൽഎയെ കിട്ടുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.