ന്യൂഡല്‍ഹി : കൊറോണ വകഭേദമായ ഒമിക്രോണിന്റെ മൂന്നുനാല് ഉപവകഭേദങ്ങള്‍കൂടി കണ്ടെത്തിയെന്നും വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുമെന്നും ദേശീയ സാങ്കേതികസമിതി (എന്‍.ടി.എ.ജി.ഐ.) അധ്യക്ഷന്‍ ഡോ. എന്‍.കെ. അറോറ. വകഭേദങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും രോഗത്തിന്റെ സ്വഭാവം, ലക്ഷണങ്ങള്‍ എന്നിവയില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.എ.-1, ബി.എ.-2, ബി.എ.-3 എന്നിങ്ങനെ മൂന്ന് ഒമിക്രോണ്‍ ഉപവകഭേദങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബി.എ.-1 എന്ന ഉപവകഭേദം സ്ഥിരീകരിച്ചവരെല്ലാം വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. ഡെല്‍റ്റയെ തള്ളിക്കൊണ്ട് അതിവ്യാപനം നടത്തുകയാണ് ഈ വകഭേദം. ‘എസ്-ജീന്‍’ ഇല്ലാത്ത ഇത് ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെ കണ്ടെത്താം. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കേസുകള്‍ ഉയരാനുള്ള പ്രധാന കാരണം ബി.എ.-2 എന്ന ‘സ്റ്റെല്‍ത്ത് വകഭേദം’ ആണ്. കൊല്‍ക്കത്തില്‍ ജനിതകശ്രേണീകരണ പരിശോധനയ്ക്കായി അയക്കുന്ന കോവിഡ് സാംപിളുകളില്‍ 80 ശതമാനവും സ്റ്റെല്‍ത്ത് വകഭേദമാണ്. ഇത് ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ കണ്ടെത്താനാകില്ല. ജനിതകശ്രേണീകരണ പരിശോധനതന്നെ വേണം.
ഇതുകണ്ടെത്തിയവരില്‍ ഒരാള്‍പോലും വിദേശത്തുനിന്ന് എത്തിയതല്ല. ബി.എ.-3 മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ ഏതാനും കേസുകളേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
വൈറസിന് വകഭേദമുണ്ടായിക്കൊണ്ടേയിരിക്കും. ഐ.ഐ.ടി.കളുടെ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഫെബ്രുവരിയില്‍ രോഗബാധിതരുടെ എണ്ണം ഉച്ചിയിലെത്തുമെന്നാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക, കര്‍ഫ്യൂ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ആളകലം ഉറപ്പാക്കി രോഗവ്യാപനം തടയുക എന്നീ മാര്‍ഗങ്ങളിലൂടെമാത്രമേ രോഗികളുടെ എണ്ണം കുറയ്ക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ആന്റിവൈറല്‍ മരുന്നായ മോള്‍നുപിരാവിറിനെ കോവിഡ് ചികിത്സാ പ്രോട്ടോക്കോളില്‍നിന്ന് ഒഴിവാക്കിയേക്കും. പാര്‍ശ്വഫലങ്ങള്‍ ഏറെയുള്ള മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗാനുമതി നല്‍കിയതിന് രൂക്ഷവിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന ഐ.സി.എം.ആര്‍. വിദഗ്ധസമിതി യോഗത്തിലാണ് തീരുമാനം.
അത്യാസന്നനിലയിലുള്ള പ്രായമായ രോഗികളില്‍ അടിയന്തരസാഹചര്യത്തില്‍മാത്രമേ മരുന്ന് നല്‍കാവൂവെന്ന് എന്‍.ടി.എ.ജി.ഐ. അധ്യക്ഷന്‍ ഡോ. അറോറ നിര്‍ദേശിച്ചു. മോള്‍നുപിരാവിര്‍ ഗര്‍ഭസ്ഥശിശുക്കളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ജനിതകഘടനയില്‍ മാറ്റമുണ്ടാക്കാമെന്നും തരുണാസ്ഥിക്കും പേശികള്‍ക്കും തകരാറുവന്നേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മരുന്നുകഴിച്ചാല്‍ സ്ത്രീയും പുരുഷനും മൂന്നുമാസത്തേക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരും. അഞ്ചുദിവസത്തില്‍ കൂടുതല്‍ മരുന്ന് കഴിക്കാനും പാടില്ല.