പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടി ഭരണത്തിലേറിയ ശേഷം അവരെ ദുർബലരാക്കി സ്വയം ശക്തിപ്പെടുകയെന്ന രീതിയാണ് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത പല സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ രീതി. എന്നാൽ, മേഘാലയയിൽ സ്ഥിതി അൽപം വ്യത്യസ്തമാണ്. ബി.ജെ.പിയോടൊപ്പം സഖ്യകക്ഷിയായി ഭരണത്തിലിരിക്കുമ്പോൾ തന്നെ കേന്ദ്ര സർക്കാറിനെ വിമർശിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്ക് അനുമതി നിഷേധിക്കാനും ധൈര്യം കാട്ടിയ മുഖ്യമന്ത്രിയാണ് എൻ.പി.പി അധ്യക്ഷൻ കോൺറാഡ് സാങ്മ.
മേഘാലയയിൽ 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റ് നേടിയ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോൺറാഡ് സാങ്മയുടെ എൻ.പി.പിക്ക് 20 സീറ്റും. രണ്ട് സീറ്റ് മാത്രമായിരുന്നു ബി.ജെ.പിക്ക്. കോൺഗ്രസിനെ അധികാരത്തിൽ നിന്നകറ്റുക ലക്ഷ്യമിട്ട് ബി.ജെ.പി, എൻ.പി.പി, യു.ഡി.പി, പിഡിഎഫ്, എച്ച്.എസ്.പി.ഡി.പി എന്നിവർ സഖ്യമുണ്ടാക്കുകയായിരുന്നു. മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ അധികാരമേറ്റു.
വടക്കുകിഴക്കു സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കുന്ന ആദ്യ പാർട്ടിയാണ് എൻ.പി.പി. സഖ്യത്തിൽ ബി.ജെ.പിയുണ്ടെങ്കിലും അവരുടെ താൽപര്യങ്ങൾക്ക് നിന്നുകൊടുക്കാൻ കോൺറാഡ് സാങ്മ ഒരുക്കമായിരുന്നില്ല. കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന താൽപര്യങ്ങൾ ബലികഴിക്കാൻ മുഖ്യമന്ത്രി തയാറാകാത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചപ്പോൾ സാങ്മ ജനങ്ങൾക്ക് പ്രിയങ്കരനായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു റാലിക്ക് മേഘാലയ സർക്കാർ അനുമതി നിഷേധിച്ചത് വൻ വിവാദമായിരുന്നു. മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ മണ്ഡലമായ ഗാരോ ഹിൽസ് സൗത്ത് തുറയിലെ പി.എ സാങ്മ സ്റ്റേഡിയത്തിൽ നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.ബി.ജെ.പി അധികാരത്തിലെത്തിയാൽ മേഘാലയ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്നു പറഞ്ഞ് മോദിയുടെ റാലിക്ക് അനുമതി നിഷേധിച്ചത്.
സർക്കാറിൽ സഖ്യകക്ഷിയാണെങ്കിലും തെരഞ്ഞെടുപ്പിൽ സഖ്യം വേണ്ടെന്നായിരുന്നു എൻ.പി.പിയുടെ തീരുമാനം. ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിച്ചാൽ ബി.ജെ.പി പിന്തുണയില്ലാതെ തന്നെ ഭരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, തൂക്കുസഭ വരുമെന്ന ഘട്ടത്തിൽ പഴയ സഖ്യത്തെ തന്നെ പുനരുജ്ജീവിപ്പിക്കാൻ ബി.ജെ.പി നടപടി തുടങ്ങിക്കഴിഞ്ഞു. എൻ.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സൂചിപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അസം മുഖ്യമന്ത്രിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പി രാഷ്ട്രീയ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളുമായ ഹിമന്ത ബിശ്വ ശർമ കോൺറാഡ് സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാലയയിൽ തൂക്കുസഭ ഉണ്ടാവില്ലെന്നും എൻ.ഡി.എയുടെ ഒരു സഖ്യകക്ഷിയും കോൺഗ്രസുമായോ തൃണമൂലുമായോ സഖ്യമുണ്ടാക്കില്ലെന്നുമാണ് ഹിമന്ത ബിശ്വ ശർമ പറഞ്ഞത്.