തൃശൂർ : കേരളം ബി ജെ പി നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ദിശ മാറ്റും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂണ്ടു പലകയാകും ലോക്സഭാ തെരഞ്ഞെടുപ്പെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ബിജെപിക്ക് കരുത്തുപകരും. ഭാരിച്ച ഉത്തരവാദിത്തമാണ് ഏൽപിച്ചത്. കേരളത്തിലും ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ വരും വർഷം കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരു സംസ്ഥാനത്ത് ഗുസ്തി ഒരിടത്ത് ദോസ്തി എന്നത് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ടെന്നും വടക്ക് കിഴക്കന് സംസ്ഥാനങ്ങളിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം കേരളം പിടിക്കുമെന്ന പ്രധാന മന്ത്രിയുടെ പ്രസ്താവനയെ സിപിഎം നേതാവ് എം എ ബേബി പരിഹസിച്ചു. പകൽ സ്വപ്നം കാണാൻ പ്രധാനമന്ത്രിക്ക് അവകാശം ഉണ്ട്. നിയമ സഭയിൽ ഉണ്ടായിരുന്ന അക്കൗണ്ടും പൂട്ടിച്ചുവെന്ന് എം എ ബേബി പരിഹസിച്ചു. കേരളത്തിൽ ബിജെപിയും കോൺഗ്രസുമാണ് സഖ്യം. ക്രിമിനൽ കേസ് പ്രതിയുടെ വാക്ക് കേട്ട് ഇരുവരും ഒന്നിച്ചാണ് സമരം. ഒന്നിച്ച് സമരം ചെയ്യാൻ സാധിക്കാത്തത് നിയമ സഭയിൽ മാത്രമാണ്. മോദിയുടെ ഗൂഢ പദ്ധതികളെ ചെറുക്കാൻ കേരളത്തിലെ മതേതര കക്ഷികൾക്ക് ശക്തിയുണ്ടെന്നും എം എ ബേബി പറഞ്ഞു.