തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് മരണം അര ലക്ഷം കടന്നു, ആകെ 50,053. ഇതില്‍ 19,316 എണ്ണവും ബന്ധുക്കള്‍ നല്‍കിയ അപ്പീലിലൂടെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. 75 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും 9000 കടക്കുകയും ചെയ്തു. ഇന്നലെ 63,898 സാംപിളുകള്‍ പരിശോധിച്ചപ്പോള്‍ 9066 പേര്‍ പോസിറ്റീവായി. ടിപിആര്‍ 14.18%. തിരുവനന്തപുരം (2200), എറണാകുളം (1478), തൃശൂര്‍ (943) ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളില്‍ 100% വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 20-40 പ്രായപരിധിയിലുള്ളവര്‍ക്കും കോവിഡ് കൂടുതലായി ബാധിക്കുന്നു. മുന്‍പ് ഒക്ടോബര്‍ 27നാണ് കേസുകള്‍ 9000 കടന്നത്.
അന്ന് 82,869 സാംപിളുകളിലായി 9445 കേസുകളാണു കണ്ടെത്തിയത്; ടിപിആര്‍ 11.42%. ഡിസംബര്‍ 27നു ടിപിആര്‍ 3.88% (1636 കേസുകള്‍) വരെ കുറഞ്ഞിരുന്നു. കോവിഡ് മരണം അര ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം. മഹാരാഷ്ട്രയില്‍ മരണം 1.41 ലക്ഷമായി. രാജ്യത്താകെ മരണം 4.84 ലക്ഷം.