തിരുവനന്തപുരം: സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി ഓട്ടോറിക്ഷയില്‍വച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശിയായ വിപിന്‍ ലാലിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക് കോടതി അഞ്ച് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. 25000 രൂപ പിഴയും ചുമത്തിയിട്ടുമുണ്ട്. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ ആറുമാസം അധിക ശിക്ഷ അനുഭവിക്കണം.
10,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. 2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ സ്‌കൂളിലേക്ക് ഓട്ടോറിക്ഷയില്‍ കൊണ്ട് പോകും വഴിയായിരുന്നു അതിക്രമം. സംഭവദിവസം രാവിലെ കുട്ടിയെ പ്രതിയുടെ വാഹനത്തിലാണ് അമ്മ സ്‌കൂളിലേക്ക് അയച്ചത്. എന്നാല്‍, വൈകിട്ട് കുട്ടി തിരികെ എത്തിയത് മറ്റൊരാള്‍ ഓടിച്ച ഓട്ടോറിക്ഷയിലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കടുത്ത പനി ബാധിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിയുന്നത്.
ബന്ധുക്കളാണ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കൂടി നിര്‍ദേശിച്ച പ്രകാരം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിപിന്‍ ലാല്‍ കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ചു കുട്ടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എം മുഹസിന്‍ ഹാജരായി. അതേസമയം, ആലപ്പുഴയില്‍ പോക്സോ കേസിൽ സി പി ഐ നേതാവ് അറസ്റ്റിലായി. സിപിഐ ചേർത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും, കുറുപ്പംകുളങ്ങര മുൻ ലോക്കൽ സെക്രട്ടറിയുമായ വി വി ഗ്രാം കോളനിയിൽ സതീശനെയാണ് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പട്ടികജാതി സഹകരണ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ പ്രതിയെ ചേർത്തല കോടതി റിമാൻഡ് ചെയ്തു.