തിരുവനന്തപുരം: വിസ്തൃതി സംബന്ധിച്ച അവ്യക്തതക്ക് പരിഹാരമില്ലാതെ ഇടുക്കിയിലെ വിവാദമായ കുറിഞ്ഞിമല സങ്കേതം. സങ്കേതം സംബന്ധിച്ച് ആദ്യ വിജ്ഞാപനം ഇറങ്ങിയത് 2006 സെപ്റ്റംബർ ആറിനാണ്. ഏതാണ്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും സങ്കേതത്തിന്റെ വിസ്തൃതി നിശ്ചയിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. വട്ടവട, കൊട്ടക്കാമ്പൂർ മേഖലയിലെ കൈയേറ്റം സംബന്ധിച്ച് മുൻ റവന്യു പ്രിൻസിപ്പിൽ സെക്രട്ടറി നിവേദിത വി. ഹരൻ നൽകിയ റിപ്പോർട്ട് ചുവപ്പ് നാടയിൽ തന്നെ.
പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചാൽ മാത്രമേ സെറ്റിൽമെൻറ് ക്ലൈയിം അപേക്ഷകൾ സ്വീകരിച്ച് തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. സർവേ നമ്പരുകൾ തിരുത്തി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് വനം വകുപ്പിന് നിർദേശം നൽകിയെന്നാണ് റവന്യൂ മന്ത്രി പറയുന്നത്. ഇതിന്റെ കാര്യ നിർവഹണത്തിനായി നിയോഗിച്ച് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റങ്ങളും നിലവിലെ വിജ്ഞാപനത്തിലെ സർവേ നമ്പരുകളിലെ പിശകും തടസമായി. സെറ്റിൽമെന്റ് നടപടിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കുറിഞ്ഞിമല സങ്കേതം സംബന്ധിച്ച ആദ്യ വിജ്ഞാപനത്തിലെ രേഖപ്പെടുത്തലുകളിൽ തിരുത്തൽ വരുത്തി 29 ആഗസ്റ്റ് 27ന് ഉത്തരവിറക്കി. സങ്കേത പരിധിയിൽ വരുന്ന ഭൂമിയിൽ ഏതെങ്കിലും വ്യക്തി ഉന്നയിക്കുന്ന അവകാശം നിർണയിക്കുന്നതിന് 2007 ഡിസംബർ 12ലെ ഉത്തരവുപ്രകാരം ദേവികുളം സബ് കലക്ടർക്ക് ബന്ധപ്പെട്ട നിയമപ്രകാരമുള്ള കലക്ടറുടെ അധികാരം നൽകി.
കുറിഞ്ഞിമല സങ്കേത പ്രദേശത്തെ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 2015 ഫെബ്രുവരി 16 ന് ഉത്തരവിട്ടത്. ഈ ഉത്തരവ് ജനജീവിതം ദുസഹമാക്കുന്നതായി പരാതി ഉയർന്നു. അതിനാൽ 2018 മെയ് 10ന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. അതിൽ സങ്കേതത്തിന്റെ വിസ്തൃതി നിജപ്പെടുത്തുന്നതിന് സംബന്ധിച്ചും കാര്യ നിർവഹണത്തിന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
തുടർന്ന് വിവിധ സമയങ്ങളിൽ വിവിധ കാരണങ്ങളാൽ വിവിധ ഉദ്യോഗസ്ഥരെ സ്പെഷ്യൽ ഓഫീസർ ആയി നിയമിച്ചും കൃത്യനിർവഹണം നടത്തുന്നതിന് ആവശ്യമായ അധികാരങ്ങൾ നൽകിയും ഉത്തരവുകൾ പുറപ്പെടുവിച്ചുവെങ്കിലും ഇപ്പോഴും കുറഞ്ഞി സങ്കേതത്തിന്റെ വിസ്തീർണം കൃത്യമായി നിശ്ചയിക്കാനായിട്ടില്ല. കുറിഞ്ഞിമല സങ്കേതം രൂപീകരണത്തിന് ശേഷം വട്ടവട, കൊട്ടക്കാമ്പൂർ വില്ലേജുകളിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ പട്ടയഭൂമിയുടെ കരം അടക്കലും ക്രയവിക്രയങ്ങളും തടസപ്പെട്ടു. വനംവകുപ്പ് കുറിഞ്ഞി സങ്കേതത്തിന്‍റെ കാര്യത്തിൽ ഇരുട്ടിൽ തപ്പുകയാണ്.