റിയാദ്: സൗദി അറേബ്യയില്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട നാല് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരനായ സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരിയെ കൊലപ്പെടുത്തിയ കേസിലാണ് അല്‍ ബാഹയില്‍ ശിക്ഷ നടപ്പാക്കിയത്. അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറിയാണ് പ്രതികള്‍ കൊല നടത്തിയത്.
സ്വാലിഹ് ബിന്‍ സഈദ് അല്‍ ആമിരിയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതികള്‍ ഫ്ലാറ്റില്‍ കയറിയപ്പോള്‍ രക്ഷപ്പെടാനായി അയാള്‍ ജനലിലൂടെ താഴേക്ക് ചാടി. നിലത്ത് തലയടിച്ചു വീണ സ്വാലിഹിനെ പ്രതികള്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തിന് ശേഷം വിവസ്‍ത്രനാക്കി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവാവ് അവിടെ കിടന്ന് മരിക്കുകയായിരുന്നു.
കേസ് അന്വേഷിച്ച സുരക്ഷാ വിഭാഗം നാല് പ്രതികളെയും അറസ്റ്റ് ചെയ്‍തു. നടപടികള്‍ പൂര്‍ത്തിയാക്കി കേസ് കോടതിയിലെത്തി. വിചാരണയ്ക്കൊടുവില്‍ സ്‍പെഷ്യല്‍ കോടതി നാല് പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷാ വിധി ശരിവെച്ചു. നടപടികളെല്ലാം പൂര്‍ത്തിയായതോടെ ശിക്ഷ നടപ്പാക്കാന്‍ റോയല്‍ കോര്‍ട്ട് ഉത്തരവിട്ടു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയത്.