പട്ന: തമിഴ്നാട്ടില്‍ ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേറ്റതായുള്ള പ്രചാരണം തള്ളി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് വ്യാപക പ്രചാരം നേടിയ വീഡിയോകള്‍ വസ്തുതാ വിരുദ്ധമാണെന്ന് തേജസ്വി വിശദമാക്കിയത്. വിഷയത്തില്‍ ഇരു സര്‍ക്കാരുകളുടേയും വിശദീകരണം ബോധ്യപ്പെട്ടില്ലെങ്കില്‍ കേന്ദ്രത്തിന്‍റെ സഹായം തേടാനും തേജസ്വി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബിജെപി ശ്രമങ്ങളാണ് വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് തേജസ്വിയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രതികരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരം നേടിയ വീഡിയോകള്‍ വസ്തുതാ വിരുദ്ധമാണെന്നും പഴയതാണെന്നും നേരത്തെ തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബു വിശദമാക്കിയിരുന്നു.
തമിഴ്നാട്ടില്‍ നേരത്തെ വ്യത്യസ്ത സംഭവങ്ങളിലായുണ്ടായ അക്രമ വീഡിയോയാണ് നിലവില്‍ ബിഹാര്‍ സ്വദേശികള്‍ക്കെതിരായ ആക്രമണമെന്ന നിലയില്‍ പ്രചരിപ്പിക്കുന്നതെന്നും തമിഴ്നാട് ഡിജിപി വിശദമാക്കിയിരുന്നു. വസ്തുതകളില്‍ താല്‍പര്യമില്ലാത്തവരാണ് ഇത്തരം വ്യാജ പ്രചാരങ്ങളില്‍ മുഴുകിയിട്ടുള്ളതെന്നും തേജസ്വി യാദവ് ബിജെപിയെ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിജയ് കുമാര്‍ സിന്‍ഹ സഭയില്‍ കാണിച്ച വീഡിയോയ്ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് തേജസ്വി നടത്തിയത്.