മോസ്കോ: ഒരു വർഷത്തിനുള്ളിൽ റഷ്യ സാമ്പത്തിക പാപ്പരത്തത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ട്. രാജ്യം രക്ഷപ്പെടണമെങ്കിൽ വിദേശ രാജ്യങ്ങളുടെ സഹായം കൂടിയേ തീരൂ എന്നും പഴയ റഷ്യൻ പ്രഭു ഒലെഗ് ഡറിപസ്ക പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക നില ഭദ്രമെന്ന് പ്രസിഡന്റ് വ്ലാദിമർ പുടിൻ പറഞ്ഞതിനു പിന്നാലെയാണ് ഇത് നിഷേധിച്ച് ഒലെഗ് ഡറിപസ്ക രംഗത്തെത്തിയിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിനു മുന്നിലും തകരാതെ നിന്ന സമ്പദ്വ്യവസ്ഥയെ പ്രശംസിച്ചായിരുന്നു പുടിൻ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്.
“അടുത്ത വർഷമാകുമ്പോഴേക്കും ട്രഷറിയിൽ പണമൊന്നും ഉണ്ടാകില്ല, ഞങ്ങൾക്ക് വിദേശ നിക്ഷേപകരെ ആവശ്യമുണ്ട് ”റഷ്യ-ഉക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രഭു ഒലെഗ് ഡറിപസ്ക പറഞ്ഞു. 2022ൽ സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ യുക്രെയ്നിലെ മോസ്കോയുടെ അധിനിവേശം അവസാനിപ്പിക്കാൻ റഷ്യൻ പ്രഭുക്കന്മാർ ആഹ്വാനം ചെയ്തിരുന്നു എന്നാണ് റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തിരുന്നത്. വിദേശ നിക്ഷേപകർക്ക്, പ്രത്യേകിച്ച് റഷ്യയുടെ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് രാജ്യത്തെ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനാവുമെന്നാണ് ഡെറിപസ്ക പയുന്നത്. ശരിയായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും വിപണികൾ ആകർഷകമാക്കുന്നതിനുമുള്ള റഷ്യയുടെ കഴിവിനെ ആശ്രയിച്ചിരിക്കും വിദേശ നിക്ഷേപങ്ങളുടെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2022 ഫെബ്രുവരിയിലാരംഭിച്ച യുക്രൈൻ അധിനിവേശത്തിനു ശേഷം, പാശ്ചാത്യ രാജ്യങ്ങൾ 11300-ലധികം ഉപരോധങ്ങളാണ് റഷ്യക്ക് നേരെ ഏർപ്പെടുത്തിയത്. റഷ്യയുടെ 300 ബില്യൺ ഡോളറിന്റെ വിദേശ കരുതൽ ശേഖരം മരവിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, ചൈന റഷ്യക്ക് സാമ്പത്തികസഹായം ഉൾപ്പടെ നൽകിവരുന്നുണ്ട്. റഷ്യ ഈ മാസം എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ കൂടുതൽ കർശനമാക്കിയേക്കാം. റഷ്യയുടെ സാമ്പത്തിക സാധ്യതകൾ നിർണ്ണയിക്കുന്നത് യുക്രെയ്നിൽ എന്താണ് സംഭവിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കാമെന്നും ഒലെഗ് ഡെറിപസ്ക ചൂണ്ടിക്കാട്ടി.