വസന്തകാലം ഭൂമിയിലെ പല സ്ഥലങ്ങളെയും അതിമനോഹരമായി ഒരുക്കും. മറ്റേത് ഋതുവിലും കാണാത്ത ഭംഗിയിലാകും വസന്തകാലത്ത് ഓരോ ഭൂപ്രദേശവും മാറുക. അത്തരത്തില്‍ മനുഷ്യന്‍റെ കണ്ണുകളെ അതിശയിപ്പിക്കുന്ന കാഴ്ചയൊരുക്കുകയാണ് ജപ്പാനിലെ ഇബറാക്കി പ്രിഫെക്ചർ തീരത്തുള്ള സെൻ ഷിൻ ഹിറ്റാച്ചി സീസൈഡ് പാർക്ക്. ഇവിടെ നിന്നുള്ള വീഡിയോ പങ്കുവച്ചതാകട്ടെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഓഫീസർ ഹരി ചന്ദനയാണ്. അടിക്കുറിപ്പെഴുതൂ എന്ന നിര്‍ദ്ദേശത്തോടെ ഹരി ചന്ദന പങ്കുവച്ച വീഡിയോ ഇതിനകം ഏഴ് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
ആ 14 സെക്കന്‍റുള്ള വീഡിയോ മനോഹരമായ ഒരു ചിത്രം പോലെയാണ് തോന്നുക. കണ്ണെത്താത്ത ദൂരത്തോളമുള്ള താഴ്വാര. ഇടയ്ക്ക് ചെറുകുന്നുകള്‍. ഇതിനിടെ ഭൂമിയിലെ മണ്ണ് കാണാനാകാത്ത വിധം നീല പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നു. വിശാലമായ പ്രദേശത്ത് നീല പരവതാനി വിരിച്ച് വച്ചത് പോലെയാണ് വീഡിയോ കണ്ടാല്‍ തോന്നുക. ഇടയ്ക്ക് ചെറിയ കാറ്റില്‍ പൂക്കള്‍ ആടുമ്പോഴാണ് അത് പരവതാനിയല്ല, യഥാര്‍ത്ഥത്തിലുള്ള പൂക്കളാണെന്ന ബോധ്യത്തിലേക്ക് നാം വരിക. പൂക്കള്‍ക്കിടയില്‍ ഈ മനോഹര കാഴ്ചകാണാനായെത്തിയ സഞ്ചാരികളെയും കാണാം.
Caption this… pic.twitter.com/sZQ46GKONt
— Hari Chandana (@harichandanaias) March 2, 2023
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അടിക്കുറിപ്പ് എഴുതാനായെത്തി. കൂടുതലാളുകളും ഇത് ‘ഭൂമിയിലെ സ്വര്‍ഗം’ എന്നാണെഴുതിയത്. “ഭൂമിയിലെ നീലാകാശം”, “നീല ദളങ്ങളുടെ തിരമാലകൾ”, “സ്വർഗ്ഗത്തിലെ പൂക്കൾ” തുടങ്ങിയ നിരവധി കമന്‍റുകളുമുണ്ട്. ഒരാള്‍ ഈ പൂച്ചകള്‍ നെമോഫില മെൻസിസി (Nemophila menziesii) അഥവാ കുഞ്ഞിന്‍റെ നീലക്കണ്ണുകൾ കളാണെന്ന് എഴുതി. വസന്തകാലത്ത് വിരിയുന്ന അതിമനോഹരമായ നീല കാട്ടുപുഷ്പമാണ് നെമോഫില മെൻസിസി. വടക്കേ അമേരിക്കയാണ് ഈ പൂച്ചെടിയുടെ ജന്മദേശം. കാലിഫോർണിയ, ഒറിഗോൺ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വ്യാപകമായി കാണപ്പെടുന്നു.
നെമോഫില മെൻസിസി ചെടിയുടെ 4.2 ഹെക്ടറോളം വരുന്ന ജപ്പാനിലെ ഇബറാക്കി പ്രിഫെക്ചർ തീരത്തുള്ള സെൻ ഷിൻ ഹിറ്റാച്ചി സീസൈഡ് പാര്‍ക്കില്‍ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. 500 ഇനം നാർസിസസ്, 230 ഇനം തുലിപ്സ്, 120 തരം റോസാപ്പൂക്കൾ എന്നിവയോടൊപ്പം 32,000 കൊച്ചിയ (വേനൽക്കാല സൈപ്രസ്) ചെടികളും ഈ പുഷ്പ പാര്‍ക്കിലുണ്ട്. അതായത് വര്‍ഷം മുഴുവനും ഇവിടെ പൂക്കളാല്‍ സമൃദമാണ്. അതിനാല്‍ തന്നെ സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയാണ് ഇവിടം.