കൊല്‍ക്കത്ത: കച്ചാ ബദം എന്ന് തുടങ്ങുന്ന ഗാനം തെരുവില്‍ ആലപിച്ച് വൈറലായി പ്രശസ്തനായ വ്യക്തിയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള നിലകടല കച്ചവടക്കാരൻ ഭുബൻ ബദ്യാകർ. ഇപ്പോള്‍ ഇതാ തന്‍റെ ഗാനത്തിന് കോപ്പിറൈറ്റ് ലംഘനം ആരോപിച്ച് ഇദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നു.
2021 ൽ റോഡരികിൽ നിലക്കടല വിൽക്കുന്നതിനിടയിൽ ഇദ്ദേഹം പാടിയ പാട്ട് ഒരാള്‍ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പിന്നീട് ഗാനം വൈറലായി. പാട്ടിന്റെ റീമിക്‌സ് പതിപ്പുകൾ രാജ്യത്തും, വിദേശത്തുമുള്ള റീല്‍സില്‍ തങ്ങളുടെ ഡാന്‍സിനൊപ്പം ചേര്‍ത്തു. ഗാനം ഭുബനും ഗുണം ചെയ്തു. ഇദ്ദേഹം ഒരു പുതിയ വീട് പണിയുകയും ഒരു ഫോർ വീലർ വാങ്ങുകയും ചെയ്തു.
എന്നാല്‍ ഇപ്പോള്‍ കോപ്പിറൈറ്റ് വിഷയം ഉള്ളതിനാല്‍ അദ്ദേഹത്തിന് സ്വന്തം പാട്ടുകൾ പോലും പാടാൻ കഴിയാത്ത അവസ്ഥയിലാണന്നാണ് പറയുന്നത്. തന്റെ കച്ച ബദാം ഗാനത്തിന്റെ അവകാശം ആരോ തട്ടിയെടുത്തുവെന്ന് ആരോപിച്ച് ഭുബൻ പരാതി നൽകിയിരിക്കുന്നത്. ഈ പ്രശ്നത്തില്‍ കുടുങ്ങിയതോടെ, അയാൾക്ക് ഇനി സ്വന്തം പാട്ടുകൾ പാടാനും യൂട്യൂബിൽ പങ്കിടാനും കഴിയുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു.
അടുത്തിടെ ടിവി9 ബംഗ്ലായില്‍ നൽകിയ അഭിമുഖത്തിൽ, തന്‍റെ ഒരു ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ബദാം എന്ന വാക്ക് പരാമർശിച്ച് കോപ്പിറൈറ്റ് പ്രശ്നം അടിച്ചെന്നാണ് ഭുബൻ പറഞ്ഞത്. പാട്ട് പിന്‍വലിക്കാന്‍ അയാൾ നിർബന്ധിതനായി. എന്‍റെ പല പാട്ടിനും ഇതാണ് പ്രതികരണം എവിടെയോ ഒരു ചതി നടന്നിട്ടുണ്ടെന്ന് ഭുബൻ ബദ്യാകർ പറയുന്നു.
ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡിന്‍റെ ഭാഗമാണെന്ന് പറഞ്ഞ് ബിർഭം ആസ്ഥാനമായുള്ള ഒരു സ്ഥാപനവും അതിന്റെ ഉടമയും തന്‍റെ ട്യൂണിന്‍റെ അവകാശം തട്ടിയെടുത്തുവെന്നാണ് വൈറല്‍ ഗായകൻ ആരോപിക്കുന്നത്. എഴുത്തും വായനയും അറിയാത്ത തനിക്ക് നിരക്ഷരനായതിനാൽ രേഖയിൽ തന്റെ പെരുവിരല് മുദ്ര പതിപ്പിച്ചാണ് കരാര്‍ ഉണ്ടാക്കിയതെന്നും ഭുബൻ ആരോപിക്കുന്നു. ഏതെങ്കിലും പകർപ്പവകാശ കൈമാറ്റ രേഖയിൽ താന്‍ ബോധത്തോടെ ഒപ്പിട്ടതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഈ രേഖകളിൽ ഒപ്പിടാൻ ഭുബന് മൂന്ന് ലക്ഷം രൂപ നൽകിയതായി ആരോപണം നേരിടുന്ന സ്ഥാപനത്തെ ഉദ്ധരിച്ചുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാൽ, പകർപ്പവകാശം മറ്റൊരാള്‍ക്ക് നല്‍കാന്‍ ആരും തനിക്ക് പണം നല്‍കിയില്ലെന്നാണ് ഭുബന്‍ പറയുന്നത്.