കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയിയുടെ അധ്യക്ഷതയിൽ ഇന്നലെ രാത്രി ചേർന്നത്. തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്ന് നിർദ്ദേശിച്ചു. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയ്യാറാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. തീപിടുത്തതെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തരയോഗം കൊച്ചിയിൽ ചേരുന്നുണ്ട്.