കൊച്ചി ∙ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിനു തീപിടിച്ചതിനെ തുടർന്ന് വിഷപ്പുകയിൽ മുങ്ങിയ കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും അവധി അനുവദിച്ച എറണാകുളം ജില്ലാ കലക്ടർ ഡോ.രേണുരാജിനെതിരെ പ്രതിഷേധം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു മാത്രം അവധി അനുവദിച്ചതാണ് വിവാദമായത്. ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയർത്തിയാണ് പ്രതിഷേധം. ജില്ലാ കലക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിൽ ഉൾപ്പെടെ നഗരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും തിങ്കളാഴ്ച ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട്– പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചിരുന്നു.
‘‘ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൻ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കൾ അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല’ – കലക്ടർ അറിയിച്ചു.
ഇതിനിടെയാണ്, ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കു മാത്രം അവധി അനുവദിച്ചത് വിവാദമായത്. പ്ലാസ്റ്റിക് വിഷപ്പുകയിൽ മുങ്ങിയ കൊച്ചി നഗരത്തിൽ സർക്കാർ അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. പുക പടരാനുള്ള സാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്നു കലക്ടർ ഡോ. രേണുരാജിന്റെ നിർദേശവുമുണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ അത്യാവശ്യമില്ലാത്ത കടകളും സ്ഥാപനങ്ങളും തുറക്കരുതെന്നും നിർദ്ദേശിച്ചിരുന്നു.
 
			

















 
                

