കോട്ടയം: മതപരിവര്‍ത്തനം ആരോപിച്ച് ഗാസിയാബാദില്‍ പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച യുപി പൊലിസിന്റെ നടപടി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്. സ്വന്തം മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം പ്രകടിപ്പിക്കാനും ഭരണഘടന നല്കുന്ന മൗലിക അവകാശത്തെയാണ് അറസ്റ്റിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന വേട്ടയാടലിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. വിശ്വാസം ഏറ്റുപറയുന്നത് എങ്ങനെ മതപരിവര്‍ത്തനമാകും? ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധത പരിധിവിട്ടിരിക്കുകയാണെന്ന് ഈ അനുഭവം ഓര്‍മ്മിപ്പിക്കുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം.
ശാരോന്‍ സഭയുടെ സുവിശേഷ പ്രചാരകരായ പാസ്റ്റര്‍ സന്തോഷ് എബ്രഹാമും ജിജി സന്തോഷും തിരുവല്ല സ്വദേശികളാണ്. വര്‍ഷങ്ങളായി രാജ്യത്തിന്റെ പിന്നോക്ക മേഖലകളില്‍ സാമൂഹ്യ സേവനം നടത്തിവരികയാണിവര്‍. 2021- ല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ പരാതി പ്രകാരമാണ് അറസ്റ്റ് നടന്നത്. സംഘപരിവാര്‍ സംഘടനകളുടെ തീവ്ര നിലപാടുകള്‍ക്ക് ഭരണകൂടം വഴിപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഈ നടപടിയിലൂടെ ലോകത്തിനു മുന്നില്‍ ഇന്ത്യ നാണം കെട്ടിരിക്കുകയാണ്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്ന് വ്യക്തമാക്കപ്പെടാന്‍ മാത്രമെ ഈ നടപടി ഉപകരിക്കയുള്ളു. പതിവ് സഭാ ആരാധന തടസ്സപ്പെടുത്തിക്കൊണ്ടാണ് പൊലീസ് പാസ്റ്റര്‍ ദമ്പതികളെ അറസ്റ്റുചെയ്തിട്ടുള്ളത്. വിശ്വാസി സമൂഹത്തോടുള്ള പരസ്യമായ വെല്ലുവിളികൂടിയാണിത്.
സംസ്ഥാനത്തെ പല മുഖ്യധാരാ രാഷ്ട്രീയ കക്ഷികളും ഗാസിയബാദ് സംഭവത്തില്‍ പിന്തുടരുന്ന നിസ്സംഗത അതിശയകരമാണ്. ജനാധിപത്യത്തിനായി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്യന്തം ജനാധിപത്യ വിരുദ്ധമായ ഈ നടപടികള്‍ക്കെതിരെ പരസ്യമായി രംഗത്തുവരണം. ശശിതരൂര്‍ എം.പിമാത്രമാണ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുള്ളത്. ഗാസിയാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ്, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പര്‍ലമെന്റിനകത്തും പുറത്തും പോരാട്ടം നടത്തും. ഭരണഘടന ഉറപ്പു നല്കുന്ന മൗലികാവകാശങ്ങള്‍ക്കായാണ് കേരളാകോണ്‍ഗ്രസ് എക്കാലത്തും നിലകൊണ്ടിട്ടുള്ളത്. ഗാസിയാബാദില്‍ നടന്നത് ഭരണകൂട ഭീകരതയാണ.് ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്കുമെന്ന ബിജെപി വാഗ്ദാനം വ്യാജമായിരുന്നുവെന്ന് ഗാസിയാബാദ് സംഭവം തെളിയിക്കുന്നു.