ജോഹാനസ്‌ബര്‍ഗ്: ടി20 ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ചതാരത്തെ തെരഞ്ഞെടുത്ത് എബി ഡിവിലിയേഴ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ മുന്‍ സഹതാരം ക്രിസ് ഗെയ്‌ലോ അടുത്ത കൂട്ടുകാരനും ആര്‍സിബിയിലെ സഹതാരവുമായിരുന്ന വിരാട് കോലിയോ അല്ല ഡിവില്ലിയേഴ്സ് ടി20 ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായി തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് പ്രത്യേകത.
ബാറ്റര്‍മാര്‍ നിറഞ്ഞാടുന്ന ടി20 ക്രിക്കറ്റില്‍ ഒരു ബൗളറെയാണ് ഡിവില്ലിയേഴ്സ് ഏറ്റവും മികച്ച താരമായി തെരഞ്ഞെടുത്തത്. മറ്റാരുമല്ല, അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഏത് ദുഷ്കരമായ പിച്ചിലും ബാറ്റർമാരെ വരിഞ്ഞുമുറുക്കുന്ന റാഷിദ് ഖാന്‍റെ മികവാണ് ഡിവിലിയേഴ്സ് ചൂണ്ടിക്കാണിക്കുന്നത്. ബാറ്റുകൊണ്ടും റാഷിദ് ഖാൻ പോരാളിയാണെന്നും ഡിവിലിയേഴ്സ് പറയുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും മാച്ച് വിന്നറാണ് റാഷിദ്. ഫീല്‍ഡിംഗിലും ഏറെ മികവ് കാട്ടുന്ന റാഷിദ് എല്ലാ മത്സരങ്ങളിലും വിജയത്തിനായാണ് പോരാടുന്നത്. അതുകൊണ്ടുതന്നെ ടി20 ക്രിക്കറ്റിലെ മികച്ച കളിക്കാരില്‍ ഒരാളല്ല, ഏറ്റവും മികച്ച കളിക്കാരനാണ് റാഷിദ് ഖാനെന്നും എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന റാഷിദ് ഖാന്‍ കഴിഞ്ഞ സീസണിലാണ് 15 കോടി രൂപക്ക് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് കൂടുമാറിയത്. ഗുജറാത്തിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടം നേടാനും റാഷിദിനായി. ഇരുപത്തിനാലുകാരനായ റാഷിദ് ഖാൻ 381 ടി 20 മത്സരങ്ങളിൽ നിന്ന് 514 വിക്കറ്റ് നേടിയിട്ടുണ്ട്. 222 ഇന്നിംഗ്സുകളില്‍ നിന്ന് 1893 റണ്‍സും ടി20 ക്രിക്കറ്റില്‍ റാഷിദ് അടിച്ചെടുത്തു. ഐപിഎല്ലിന് പുറമെ ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷിലും മറ്റ് വിവിധ ടി20 ലീഗുകളിലും സജീവ സാന്നിധ്യമാണ് റാഷിദ് ഖാന്.