ഹൈദരാബാദ് : 2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു ഫെഡറൽ മുന്നണി ലക്ഷ്യമിട്ട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ ഹൈദരാബാദിലെ ഓഫീസ് സജീവമായി. 2019-ൽ നടക്കാതെ പോയ സ്വപ്നം ഇത്തവണ വഴിത്തിരിവിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് കെസിആർ. ചൊവ്വാഴ്ച ബിഹാറിൽ നിന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ആർജെഡിയുടെ മറ്റു ഉന്നത നേതാക്കളും ചന്ദ്രശേഖര റാവുവിനെ സന്ദർശിച്ചു. ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികളെ ഒന്നിപ്പിക്കുന്നതിനുള്ള ചില നീക്കങ്ങളാണ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങളായി പുറത്തുവരുന്നത്. ഫോണിലൂടെ കെസിആർ ആർജെഡി സ്ഥാപകൻ ലാലുപ്രസാദ് യാവദുമായും ദീർഘനേരം സംസാരിക്കുകയുണ്ടായി. ബിജെപി-മുക്ത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെ സഖ്യം രൂപീകരിക്കാനുള്ള കെസിആറിന്റെ ശ്രമങ്ങളെ ലാലു യാദവ് അഭിനന്ദിച്ചതായി ടിആർഎസ് നേതാക്കൾ പറയുന്നു. തെലങ്കാന സംസ്ഥാന രൂപവൽകരണത്തെ താൻ പിന്തുണച്ചിരുന്നുവെന്ന് കെസിആറിനെ ഓർമ്മിപ്പിച്ച ലാലു കെസിആറിന്റെ നേതൃത്വത്തെക്കുറിച്ചും അത് യാഥാർത്ഥ്യമാക്കാനുള്ള പോരാട്ടത്തെക്കുറിച്ചും സംസാരിച്ചുവെന്നാണ് റിപ്പോർട്ടുകൾ മുൻ ബിഹാർ മന്ത്രി അബ്ദുൽ ബാരി സിദ്ദീഖി, മുൻ എംഎൽഎമാരായ സുനിൽ സിങ്, ഭോലാ യാദവ് എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് തേജസ്വി യാദവ് ഹൈദരാബാദിലെത്തിയത്. ബിജെപിക്കെതിരായി ഒന്നിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ പരസ്പരം ധരിപ്പിച്ചു.
കെസിആറിന്റെ മകനും മന്ത്രിയുമായ കെടി രാമറാവു, രാജ്യസഭാ എംപിയുമായ ജോഗിനപ്പള്ളി സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഞായറാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കളുമായും സിപിഐ നേതാക്കളുമായും ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിനായി ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു പിണറായി വിജയൻ കെസിആറിനെ കണ്ടത്. മൂന്നാം മുന്നണി രൂപീകരണ ചർച്ചകൾ നടന്നതായി സിപിഎം വൃത്തങ്ങൾ അന്ന് വ്യക്തമാക്കിയിരുന്നു. കെസിആറിന്റെ ക്ഷണപ്രകാരമായിരുന്നു സിപിഎം നേതാക്കളുടെ കൂടിക്കാഴ്ച. കഴിഞ്ഞ മാസം ചന്ദ്രശേഖര റാവുവും അദ്ദേഹത്തിന്റെ കുടുംബവും ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ കാണുകയുണ്ടായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ്, 2018-ൽ ബിജെപി-കോൺഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കാൻ കെസിആർ സമാനമായ ശ്രമം നടത്തിയിരുന്നു. അന്ന് അദ്ദേഹം ഒരു സ്വകാര്യ വിമാനം വാടകയ്ക്കെടുക്കുകയും വിവിധ നേതാക്കളുമായി കൂടിയാലോചനകൾക്കായി രാജ്യത്തുടനീളം പര്യടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും നടന്നില്ല.