പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള മാലിന്യ സംസ്കരണ പ്ലാൻ്റിലെ ഖരമാലിന്യശേഖരത്തിന് തീപിടിച്ചത് കാരണം ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 10 ടൺ പ്ലാസ്റ്റിക്, ഇരുമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾ കത്തിനശിച്ചതായി പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. വിൽപനക്ക് വേർതിരിച്ച് ചാക്കുകളിൽ മാറ്റി വെച്ചതായിരുന്നു ഇവ. മറ്റ് വില പിടിപ്പുള്ള സാമഗ്രികളൊന്നും കേട് പാട് സംഭവിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണിവ. 15 ദിവസത്തെ മാലിന്യശേഖരത്തിലെ അഞ്ച് ടൺ വിലമതിക്കുന്ന പാഴ്വസ്തുക്കൾ അയച്ചിരുന്നു. അതേസമയം, കത്തി നശിച്ചവ ഏറെയും പ്ലാസ്റ്റിക്കും ലോഹ സാമഗ്രികളുമായിരുന്നു.ഇത് കാരണം പ്ലാൻ്റ് വളപ്പിൽ തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയവർ പുക ഉയരുന്നതും ചൂട് നിലനിൽക്കുന്നതും കാരണം പൈപ്പ് ഉപയോഗിച്ച് വെള്ളം നനച്ചാണ് തീ അണച്ചത്. സംഭവസ്ഥലം പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ ബിന്ദു, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എന്നിവർ സന്ദർശിച്ചു.