എല്ലാ വീടുകളിലും പതിവായി അടുക്കളാവശ്യത്തിന് ഉപയോഗിക്കുന്ന ചേരുവകളാണ് സ്പൈസുകള്‍ അഥവാ മസാല. മുളക്, മഞ്ഞള്‍, മല്ലി, പട്ട, ഗ്രാമ്പൂ, ജീരകം, ഏലയ്ക്ക, കുരുമുളക് എന്നുതുടങ്ങി പാചകത്തിന് പതിവായി നാമുപയോഗിക്കുന്ന സ്പൈസുകള്‍ തന്നെ ഒരുപിടിയുണ്ട്.
ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഇതിലേക്ക് സ്പൈസുകള്‍ ചേര്‍ക്കുന്ന രീതി ലോകത്തിലെ എല്ലായിടത്തും നിലവിലുള്ളതാണ്. എന്നാല്‍ ഇന്ത്യൻ വിഭവങ്ങളില്‍ സ്പൈസുകള്‍ ചേര്‍ക്കുന്നത് പോലെ മിക്കയിടങ്ങളിലും ചേര്‍ക്കാറില്ല എന്ന് മാത്രം. എങ്കിലും സ്പൈസുകള്‍ ചേര്‍ക്കുന്നത് അപൂര്‍വമായിരുന്നില്ല.
ഇപ്പോഴിതാ നൂറുകണക്കിന് വര്‍ഷങ്ങള്‍ക്കും മുമ്പും ആളുകള്‍ ഇതേ സ്പൈസുകളെല്ലാം ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നുവെന്നും സൂക്ഷിച്ചിരുന്നുവെന്നും തെളിയിക്കുകയാണൊരു സംഭവം. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വീഡനിലെ ബാല്‍റ്റിക് തീരത്തിന് സമീപമായി മുങ്ങിയ ഒരു കപ്പലില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ സൂക്ഷിച്ച നിലയില്‍ ഗവേഷകര്‍ക്ക് സ്പൈസസ് ലഭിച്ചിരിക്കുന്നു എന്നതാണ് സംഭവം.
പത്തും ഇരുപതും അമ്പതുമല്ല, അഞ്ഞൂറ് വര്‍ഷം മുമ്പത്തെയാണ് ഇത് എന്നാണ് പുരാവസ്തു ഗവേഷകര്‍ വ്യക്തമാക്കുന്നത്. ഇവരാണ് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയ സ്പൈസസിന്‍റെ കാലപ്പഴക്കം നിര്‍ണയിച്ചിരിക്കുന്നത്. വാര്‍ത്താ ഏജൻസിയായ ‘റോയിട്ടേഴ്സ്’ ഇതിന്‍റെയൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.
Archaeologists find well-preserved 500-year-old spices on Baltic shipwreck https://t.co/4Cvorf5Wbb pic.twitter.com/rFUgzRWVU5
— Reuters (@Reuters) March 4, 2023
കുങ്കുമം, കുരുമുളകുപൊടി, ഇഞ്ചി പൊടിച്ചത് എന്നിങ്ങനെയുള്ള സ്പൈസുകളാണത്രേ കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 500 വര്‍ഷം മുമ്പ് ഈ കപ്പല്‍ ബാല്‍റ്റി തീരത്തിനടുത്ത് വച്ച് തീ പിടിക്കുകയും തുടര്‍ന്ന് മുങ്ങിപ്പോവുകയുമായിരുന്നുവത്രേ. ഇതിന് ശേഷം പലപ്പോഴായി കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുരാവസ്തു ഗവേഷകര്‍ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ഇപ്പോള്‍ സ്പൈസസ് കിട്ടിയിരിക്കുന്നത്. കേടുപാടുകള്‍ കൂടാതെ തന്നെയാണ് ഇവ കിട്ടിയിരിക്കുന്നതെന്നും എന്നാല്‍ എങ്ങനെയാണ് കടലില്‍ ഇത്രയും കാലം ഇവ കേടുപാടുകള്‍ കൂടാതെ കിടന്നത് എന്നത് അത്ഭുതമാണെന്നും ഗവേഷകര്‍ തന്നെ വ്യക്തമാക്കുന്നു.