നോയ്ഡ: ജിമ്മിൽ നിന്നും പണം മോഷ്ടിച്ചുവെന്നാരോപിച്ച് ജിമ്മിലെ ക്ലീനിംങ് തൊഴിലാളിയായ പതിനെട്ടുകാരനെ രണ്ടാം നിലയിൽ നിന്നെറിഞ്ഞു കൊന്നു. നോയ്ഡയിൽ ഇന്നലെയാണ് ശിവശർമ്മ എന്നയാൾ കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ച് ശിവശർമ്മയെ കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് ഗൗതം നഗർ പൊലീസ് പറഞ്ഞു. സംഭവത്തിൽ നീരജ് യാദവ്, അരുൺ കുമാർ എന്നിവർ അറസ്റ്റിലായി.
ശിവശർമ്മ സഹോദരൻ അവനീഷ് ശർമ്മയുമൊത്ത് ഒരേ ബിൽഡിങ്ങിലാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ജിമ്മിൽ ശിവശർമ്മ ക്ലീനിംഗ് തൊഴിലാളിയായിരുന്നു. എട്ടായിരം രൂപ നൽകാമെന്ന് പറഞ്ഞാണ് ശിവശർമ്മയെ ജോലിക്കെടുത്തതെന്ന് സഹോദരൻ പറയുന്നു. എന്നാൽ അഞ്ചുമാസം ജോലി ചെയ്തിട്ടും ശമ്പളം നൽകിയിരുന്നില്ല. അതിനിടെ, ജിമ്മിൽ നിന്ന് 18,000 രൂപ മോഷണം പോയതായും അത് ശിവശർമ്മ എടുത്തെന്നും ജിമ്മിന്റെ ഉടമകൾ പറഞ്ഞു. പിന്നീട് ജിമ്മിലെ താക്കോൽ ശിവശർമ്മക്ക് നൽകുകയും അയ്യായിരം രൂപ മോഷ്ടിച്ചുവെന്നും വീണ്ടും ആരോപിച്ചു. തുടർന്നുള്ള ആക്രമണത്തിലാണ് ശിവ ശർമ്മ കൊല്ലപ്പെടുന്നത്.
സഹോദരൻ പണം കട്ടെന്ന് പറഞ്ഞ് ജിം ഉടമകൾ തന്നെ വിളിക്കുകയായിരുന്നു. ഓഫീസിൽ നിന്നും ഫ്ലാറ്റിലേക്ക് രണ്ടുകിലോമീറ്റർ ദൂരമേ ഉള്ളൂ. ഞാൻ വന്ന് പരിഹരിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ച് പുറപ്പെട്ടെങ്കിലും നീരജും അരുണും ചേർന്ന് സഹോദരനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം സഹിക്കാൻ കഴിയാതെ സഹോദരൻ രണ്ടാം നിലയിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ നിന്ന് താഴേക്ക് എറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് അവനീഷ് പറയുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്കും റെഫർ ചെയ്തെങ്കിലും ഇന്നലെ മരണത്തിന് കീഴടങ്ങുകയായിരുന്നു ശിവശർമ്മ. ജനുവരി 1നാണ് സഹോദരന് 18 വയസ് തികയുന്നതെന്നും നാലുവർഷം മുമ്പ് പിതാവ് മരിച്ചതിനു ശേഷം അവന് പഠനം ഉപേക്ഷിക്കേണ്ടി വന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.