ദില്ലി:രാഷ്ട്രീയ അടവുകൾ മാറ്റുന്നതിലെ പരാജയമാണ് യുപിഎ സർക്കാരിൻ്റെ പതനത്തിനിടയാക്കിയതെന്ന് രാഹുൽ ഗാന്ധി.മാറ്റങ്ങൾ തിരിച്ചറിയാൻ കഴിയാതെ പോയി.ഗ്രാമീണ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ നഗര മേഖലകൾ പാർട്ടിയെ കൈവിട്ടു.കോൺഗ്രസ് തകർന്നെന്ന ബിജെപിയുടെ വിശ്വാസം പരിഹാസ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഫാസിസ്റ്റ് സംഘടനയായ ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തതോടെ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരത്തിന്‍റെ സ്വഭാവം അട്ടിമറിക്കപ്പെട്ടു. പ്രതിപക്ഷത്തിന്‍റെ മൈക്ക് പതിവായി ഓഫ് ചെയ്യുന്നതിനാല്‍ പാര്‍ലമെന്‍റില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരാറില്ലെന്നും ബ്രിട്ടണില്‍ നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാഹുല്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി.
ലഡാക്കിലും, അരുണാചല്‍ പ്രദേശിലുമായി രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശം ചൈനീസ് സൈന്യം കൈയേറിയപ്പോള്‍ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ചൈനക്ക് പ്രോത്സാഹനമായെന്നും രാഹുല്‍ പരിഹസിച്ചു. അതേ സമയം ലണ്ടനിലും, ബ്രിട്ടണിലുമായി രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണ പരമ്പരകളില്‍ രാജ്യത്തെ അപമാനിച്ചതിന് അവകാശലംഘനത്തിന് പരാതി നല്‍കുമെന്ന് ബിജെപി പ്രതികരിച്ചു.
അദാനിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളില്‍ തുടര്‍ നടപടികളുമായി ലോക് സഭ അവകാശ സമിതി. പരാതിക്കാരനായ ബിജെപി എംപി നിഷികാന്ത് ദുബൈയുടെ മൊഴി വെള്ളിയാഴ്ച നേരിട്ട് രേഖപ്പെടുത്തും. രാഹുല്‍ ഗാന്ധിയേയും പിന്നീട് വിളിച്ച് വരുത്തും. രേഖാമൂലം രാഹുല്‍ സമിതിക്ക് മറുപടി നല്‍കിയിരുന്നു. അതേ സമയം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രാഹുലിന്‍റെ പ്രസംഗം രാജ്യവിരുദ്ധമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ പോലും ഇന്ത്യയെ കുറിച്ച് പറയാത്ത കാര്യങ്ങളാണ് രാഹുല്‍ ആരോപണങ്ങളായി ഉന്നയിച്ചതെന്നാണ് ആക്ഷപം.